സ്വന്തം ലേഖകന്‍: ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശിക്ക് മോചനം. കഴിഞ്ഞ മാര്‍ച്ചില്‍ ട്രിപ്പോളിയിലെ ജോലി സ്ഥലത്തു നിന്നു തട്ടിക്കൊണ്ടുപോയ കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിക്കുകയായിരുന്നു. റെജി ജോസഫിനെ മോചിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അസ്ഹര്‍ഖാന്റെ ശ്രമഫലമായാണ് ഇത് സാധ്യമായതെന്നും സുഷമാ സ്വരാജ് ഡല്‍ഹിയില്‍ പറഞ്ഞു.
വിവരം സുഷമാ സ്വരാജ് ട്വിറ്ററിലൂടെയും പങ്കു വെച്ചിട്ടുണ്ട്. രണ്ടു വര്‍ഷമായി കുടുംബത്തോടൊപ്പം ലിബിയയിലായിരുന്ന റെജിയെ ജോലി ചെയ്യുന്ന പൗക്കല്‍ ദവയില്‍ നിന്നും അജ്ഞാതരായ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ അക്രമികള്‍ എന്നു മാത്രമായിരുന്നു കിട്ടിയിരുന്ന ഏക വിവരം.
സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുകയും സംസ്ഥാനത്ത് നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മോചനത്തിനായുള്ള ശ്രമം നടക്കുന്നു എന്നായിരുന്നു ഇതുവരെ കിട്ടിയിരുന്ന മറുപടി.
രണ്ടു വര്‍ഷമായി ലിബിയയിലായിരുന്ന റെജി രണ്ടാം തവണയാണ് ലിബിയയില്‍ ജോലിക്ക് പോയത്. 2007 ല്‍ ആദ്യം പോയി വന്ന ശേഷം 2011 ല്‍ വീണ്ടും പോവുകയായിരുന്നു. ഭാര്യ ഷിനുജ ലിബിയയില്‍ നഴ്‌സായി ജോലി നോക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല