രാജ്യത്തെ അതിര്‍ത്തിരക്ഷാസേനയിലേക്ക് ഇനി തോക്കേന്തിയ മലയാളിമങ്കമാരുടെ സേവനവും. കേരളത്തില്‍നിന്ന് 198 വനിതകളാണ് എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനയും കഴിഞ്ഞ് പരിശീലനത്തിനുള്ള പട്ടികയിലിടം നേടിയിട്ടുള്ളത്.
ബി.എസ്.എഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളി പെണ്‍കുട്ടികള്‍ സൈനികനിരയിലെത്തുന്നത്. ഓഫീസുകളില്‍ ജീവനക്കാരും മെഡിക്കല്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമായി മലയാളിസ്ത്രീകള്‍ ഉണ്ടെങ്കിലും സൈനികനിരയില്‍ കാവല്‍ജോലിക്ക് ദക്ഷിണേന്ത്യയില്‍നിന്ന് സ്ത്രീകളെ നിയമിക്കുന്നത് ഇതാദ്യമാണ്. പാകിസ്താനുമായുള്ള വാഗ അതിര്‍ത്തിയിലും മറ്റും നിലവില്‍ കാവല്‍ച്ചുമതലയുള്ള സ്ത്രീകളെല്ലാം ഉത്തരേന്ത്യക്കാരാണ്.
പതിനെട്ടുവയസ്സും പത്താം ക്ലാസുമാണ് യോഗ്യത. വനിതാവിഭാഗത്തിലേക്ക് കേരളത്തില്‍നിന്ന് 300 അപേക്ഷകരുണ്ടായി. തിരഞ്ഞെടുത്ത 198 പേര്‍ക്ക് അടുത്തമാസം ബാംഗ്ലൂരിലാണ് മെഡിക്കല്‍ പരിശോധന. കരസേനയുടേതിനു തുല്യമാണ് ബി.എസ്.എഫിന്റെ പരിശീലനമുറകള്‍. ആയുധ പരിശീലനവുമുണ്ട്. ഹൈദരാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും പരിശീലനം.
ഒരുവര്‍ഷംമുമ്പ് തൃശ്ശൂര്‍, പുത്തൂരിനടുത്ത് കൈനൂരില്‍ സ്ഥാപിച്ച 148-ാം ബറ്റാലിയന്‍ ആണ് ബി.എസ്.എഫിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രം. മുമ്പൊക്കെ ബി.എസ്.എഫ്. റിക്രൂട്ട്‌മെന്‍റ് സെല്‍ ആണ് കോണ്‍സ്റ്റബിള്‍ മുതല്‍ എസ്.ഐ. വരെയുള്ളവരെ നിയമിച്ചിരുന്നത്. ഈയടുത്ത് ആ സംവിധാനം മാറ്റി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനെ ചുമതല ഏല്പിച്ചു. കൈനൂരില്‍ കേന്ദ്രം വന്നതോടെ തൃശ്ശൂര്‍ അടക്കം കേരളത്തിന്റെ പല ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു. കൂടുതല്‍ മലയാളികളെ ബി.എസ്.എഫിലേക്ക് ആകര്‍ഷിക്കാന്‍ ഇത് കാരണമായി.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് പുരുഷന്മാരെയും റിക്രൂട്ട്‌മെന്‍റിന് തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കൈനൂരിലെ കേന്ദ്രത്തിലാണ് പരിശോധനകള്‍ നടന്നുവരുന്നത്. ആഗസ്ത് പകുതിയോടെ തിരഞ്ഞെടുക്കപ്പെട്ടവരെ പരിശീലനത്തിന് അയയ്ക്കുമെന്ന് 148-ാം ബറ്റാലിയന്‍ കമാന്‍ഡന്‍റ് മാത്യു വര്‍ഗീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല