സ്വന്തം ലേഖകന്‍: കാര്‍ ഇടിച്ച് നവജാത ശിശു മരിച്ചു, മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. ഗര്‍ഭിണി ഓടിച്ചിരുന്ന വാഹനത്തില്‍ കാര്‍ ഇടിപ്പിക്കുകയും നവജാത ശിശു മരണപ്പെടാനും ഇടയാക്കിയ കുറ്റത്തിന് മെല്‍ബണിലെ കണ്‍ട്രി കോടതിയാണ് 38 കാരിയായ ഡിംപിള്‍ ഗ്രേസ് തോമസ് എന്ന മലയാളി നഴ്‌സിന് ശിക്ഷ വിധിച്ചത്. ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍ അഷ്‌ലിയ അലന്‍ എന്ന 28 കാരിയുടെ വാഹനത്തില്‍ ചെന്നിടിക്കുകയായിരുന്നു. ക്രാന്‍ബൗണില്‍ 2016 ഓഗസ്റ്റിലായിരുന്നു അപകടം.
അഷിലിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. അപകടത്തെ തുടര്‍ന്നു അഷ്‌ലിയെ ഉടനടി സിസേറിയനു വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തു ഇന്‍ക്യൂബേറ്ററില്‍ വച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം മരിച്ചു. സൗത്ത് ഗിപ്‌സ് ലാന്‍ഡ് ഹൈവേയിലായിരുന്നു അപകടം. ട്രാഫിക് നിയമം തെറ്റിച്ച് വണ്‍വേയില്‍ കൂടി വാഹനം ഓടിച്ചാണ് ഡിംപിള്‍ അപകടം ഉണ്ടാക്കിയതെന്നു കണ്ടെത്തിയിരുന്നു.
തിരക്കൊഴിവാക്കി പോകാനായിരുന്നു ഡിംപിള്‍ ഇങ്ങനെ ചെയ്തത്. മൂന്നു വണ്‍വേ റോഡുകളില്‍ ഡിംപിള്‍ തന്റെ വാഹനം നിയമം തെറ്റിച്ചു ഓടിച്ചതായും കണ്ടെത്തി. ട്രാഫിക് നിയമം അനുസരിക്കാന്‍ ഡിംപിള്‍ തയ്യാറായില്ല എന്നാണ് കോടതി വിധിയില്‍ പറയുന്നത്. 2016 നവംബര്‍ മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഡിംപിളിന് ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടിയതിനാല്‍ വിക്‌ടോറിയ വിട്ടുപോകാനും അനുമതിയില്ലായിരുന്നു.
വിധി വന്നതോടെ ഡിംപിളിന് ഇനി 15 മാസങ്ങള്‍ക്കു ശേഷം മാത്രമെ പരോളിന് അപേക്ഷിക്കാന്‍ കഴിയൂ. ശിക്ഷാ കാലാവാധി പൂര്‍ത്തിയായി പുറത്തിറങ്ങിയാല്‍ ഡിംപിളിനെ ഓസ്‌ട്രേലിയയില്‍ നിന്നും നാടുകടത്തും. റോഡ് വണ്‍വേ ആയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര നൈപുണ്യം തനിക്ക് ഇല്ലായിരുന്നുവെന്നുമാണ് ഡിംപിള്‍ വാദിച്ചത്. എന്നാല്‍ ഡിംപിളിന് ഇംഗ്ലീഷില്‍ അറിവുണ്ടെന്നും അവര്‍ ഓസ്‌ട്രേലിയയില്‍വച്ച് ഇംഗ്ലീഷില്‍ ഒരു അഭിമുഖം നല്‍കിയതായും വാദിഭാഗം തെളിവു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല