സ്വന്തം ലേഖകൻ: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായ 19 മലയാളി നഴ്‌സുമാര്‍ ആറ് ദിവസമായി ജയിലില്‍. കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരാണ് ജയിലിലുള്ളത്. ഇവരില്‍ മുലയൂട്ടുന്ന അമ്മമാരുമുണ്ട്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര മന്ത്രി വി മുരളീധരനും ഇടപെട്ടതിനെ തുടര്‍ന്ന് ജയിലില്‍ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാന്‍ അവസരം ഒരുക്കിനല്‍കി.
ഒരു മാസം മാത്രം പ്രായമായ കുഞ്ഞുള്ള അടൂര്‍ സ്വദേശി ജെസ്സിന്‍ ഉള്‍പ്പെടെ മുലയൂട്ടുന്ന അമ്മമാരായ അഞ്ച് മലയാളി നഴ്‌സുമാര്‍ അറസ്റ്റിലായവരിലുണ്ട്. ഒരു മാസം മാത്രം പ്രായമായ ജെഫിയ മുലപ്പാലിനായി കരയുമ്പോള്‍ അച്ഛന്‍ ബിജോയി മകളെ ജയിലിലെത്തിച്ചു മുലപ്പാല്‍ നല്‍കി മടക്കിക്കൊണ്ടുവരികയാണിപ്പോള്‍. ജിലീബിലെ ഫ്‌ലാറ്റിലാണു ബിജോയിയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയില്‍ പ്രവേശിച്ച അന്നാണു ജെസ്സിന്‍ അറസ്റ്റിലായത്.
നിയമക്കുരുക്കില്‍ അകപ്പെട്ടതിനാല്‍ മാനുഷിക പരിഗണന നല്‍കി ജയില്‍മോചനത്തിന് അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് അറസ്റ്റിലായ നഴ്‌സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യര്‍ത്ഥിച്ചു. നല്ല രീതിയില്‍ നടന്നിരുന്ന ആശുപത്രിയില്‍ അടുത്തിടെ സ്‌പോണ്‍സറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് താമസനിയമം ലംഘിച്ച് ജോലി ചെയ്‌തെന്ന പേരില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായത്. ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരിലുണ്ട്.
ഇറാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. ലൈസന്‍സ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍, പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു. എല്ലാവര്‍ക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും മൂന്നു മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്.
കുവൈത്തിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്ക റൂട്‌സും ഇടപെടല്‍ നടത്തിവരികയാണ്. പിടിയിലായ എല്ലാവരെയും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയം, ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ മൂന്ന് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി സജ്ജീകരിച്ച ശസ്ത്രക്രിയാ റൂമില്‍ ലൈസന്‍സില്ലാതെ ജോലിചെയ്തവരാണ് അറസ്റ്റിലായതെന്നാണ് അധികൃതര്‍ പറയുന്നത്. ഗാര്‍ഹിക തൊഴിലാളികളും കുടുംബ വീസയിലുള്ളവരുമാണ് ഇങ്ങനെ ജോലിചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല