സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മലയാളി നഴ്‌സ് സുഖം പ്രാപിക്കുന്നു, മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സമരം തുടങ്ങി. മാനേജ്‌മെന്റിന്റെ പകപോക്കല്‍ നടപടിക്ക് ഇരയായതിനെ തുടര്‍ന്ന് ഡല്‍ഹി വസന്തകുഞ്ചിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സില്‍ (ഐ.എല്‍.ബി.എസ്) ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ആശുപത്രി അധികൃതര്‍ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിനെ തുടര്‍ന്നായിരുന്നു നഴ്‌സ് വെള്ളിയാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇവര്‍ അഞ്ചു വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ഐ.എല്‍.ബി.എസില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാര്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ സമയത്ത് മാനേജ്‌മെന്റിനെതിരെ ഇവര്‍ പരാതി പറഞ്ഞിരുന്നു. കൂടാതെ, ആശുപത്രിയില്‍ നടന്നുവരുന്ന തൊഴില്‍ ചൂഷണത്തിനെതിരെ സമരം നയിച്ചിരുന്നതും ഇവരായിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റ് നഴ്‌സിനെതിരെ നടപടിയെടുത്തതെന്ന് മറ്റു നഴ്‌സുമാര്‍ ആരോപിക്കുന്നു.
സഹപ്രവര്‍ത്തകക്കു നേരെയുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച എ.എല്‍.ബി.എസിലെ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചു. തൊഴില്‍ പീഡനം അവസാനിപ്പിക്കുക, പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കുക, വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച നഴ്‌സുമാര്‍ ആശുപത്രി കവാടത്തിനരികെ കുത്തിയിരിക്കുകയാണ്.
രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് പോകുന്നത് ആശുപത്രി അധികൃതര്‍ തടഞ്ഞതായും ആരോപണമുണ്ട്. എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള നഴ്‌സ് അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്തയച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിനു മാനസികമായ പിന്തുണ നല്‍കണം. അതിന് അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല