സ്വന്തം ലേഖകന്‍: അനുമതിയില്ലാതെ സാഹിത്യോല്‍സവം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് സൗദിയില്‍ അറസ്റ്റിലായ മലയാളികള്‍ക്ക് മോചനം. സൗദിയിലെ അല്‍ഹസ്സയില്‍ പൊലീസ് അറസ്റ്റ് ചെയ്ത നാല് മലയാളികളാണ് പത്തു ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ച പുറത്തിറങ്ങിയത്. സൗദിയില്‍ ഇത്തരം പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമമാണ് സംഘാടകര്‍ക്ക് വിനയായത്.
ആര്‍.എസ്.സിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാഹിത്യോത്സവം അല്‍ഹസ്സയില്‍ നടക്കേണ്ടതിന്റെ തലേ ദിവസമാണ് സംഘാടകരായ ഇവരെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ ഇടപെടലാണ് യാതൊരു കേസും രേഖപ്പെടുത്താതെ മലയാളികളെ മോചിപ്പിക്കാന്‍ വഴിയൊരുക്കിയത്.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള സാഹിത്യ പരിപാടി മാത്രമാണ് നടത്താന്‍ ശ്രമിച്ചതെന്നും അതിനായി പ്രചാരണങ്ങളോ പ്രത്യേകിച്ച് മറ്റെന്തെങ്കിലുമോ ചെയ്തിരുന്നില്ലെന്നും എംബസി സൗദി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിടിയിലായവരെ വിട്ടയച്ചതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല