സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ബന്ദിയാക്കിയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്‌സഭയില്‍ ജോസ് കെ. മാണിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.
അഫ്ഗാനിസ്താനില്‍ ബന്ദിയാക്കിയ ഫാ.അലക്‌സി പ്രേംകുമാറിനെ മോചിപ്പിക്കാന്‍ കഴിഞ്ഞത് എട്ടു മാസങ്ങള്‍ക്കു ശേഷമാണ്. അതുപോലെ ടോം ഉഴുന്നാലിനെയും മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി അല്പം കൂടി കാത്തിരിക്കണമെന്നും സുഷമ പറഞ്ഞു.
ടോം ഉഴുന്നാലിന്റേതെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും വ്യക്തത ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെതായി പ്രചരിച്ച ചിത്രം യഥാര്‍ത്ഥമാണോയെന്നും പരിശോധിക്കും. വിഷയത്തില്‍ പ്രധാനമന്ത്രി തലത്തില്‍ ഇടപെടല്‍ നടത്തുന്നത് പരിഗണിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വിഷയം ശുന്യവേളയില്‍ അവതരിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല