സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അതികൃതര്‍ മൃതദേഹം വിട്ടുതരുമെന്നും മൃതദേഹം വിട്ടുകിട്ടിയാലുടന്‍ നാട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐ അറിയിച്ചു.
മരണകാരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പോലീസ് പൂര്‍ത്തിയാക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മരണം സംബന്ധിച്ച ദുരൂഹത പൂര്‍ണമായും അന്വേഷിച്ചു കണ്ടെത്തിയതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടു എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ മൃതദേഹം വിട്ടുതരുന്നത് നീണ്ടു പോകുമെന്നും ആശങ്കയുണ്ടായിരുന്നു.
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടപടികളും, ആന്തരിക അവയവങ്ങളുടെ പരിശോധനയും , ആന്തരിക സ്രവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടുകളും, കോശ സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ടുകളും ലഭിച്ചതിനു ശേഷം ഫിസ്‌കല്‍ പ്രോക്യൂറേറ്റര്‍ മൃതദേഹം വിട്ടു നല്‍കാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം 20 നാണ് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയ്ക്കു സമീപം ഡണ്‍ബാന്‍ ബീച്ചില്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പരിശോധിച്ചെങ്കിലും മരണ കാരണം ഇനിയും കണ്ടെത്താന്‍ കഴിയാത്തതാണ്‍ണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ മൃതദേഹം വിട്ടുനല്‍കുന്നത് അനിശ്ചിതമായി നീണ്ടു പോകുന്ന സ്‌കോട്‌ലന്‍ഡ് മലയാളികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
സി.എം.ഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ. ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായി ജോലിനോക്കിയിരുന്ന ഫാ. മാര്‍ട്ടിന്‍ എട്ടുമാസം മുമ്പ് ഒക്ടോബര്‍ മാസത്തിലാണ് ഉപരിപഠനാര്‍ഥം ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല