സ്വന്തം ലേഖകന്‍: എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു, പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോ വെസ്റ്റ് ബാന്‍ഡ് ബീച്ചിനു സമീപം മരിച്ചനിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ സിഎംഐ ഹൗസില്‍ നിന്നുള്ള വൈദികന്‍ ഫാ.ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സംബന്ധിച്ച വിവരം ലഭിച്ചത്.
മൃതദേഹം കണ്ടെത്തിയാല്‍ രണ്ടു മുതല്‍ പത്തുദിവസത്തിനകം പോസ്റ്റ്‌മോര്‍ട്ടം നടപടികളും പ്രാഥമിക അന്വേഷണ നടപടികളും പൂര്‍ത്തിയാക്കി ഫിസ്‌കല്‍ ഓഫീസര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ് ബ്രിട്ടനിലെ രീതി. ഫാ.ടെബിനു കഴിഞ്ഞ ദിവസം മൃതദേഹം നേരിട്ടു കാണാന്‍ അധികൃതര്‍ അവസരം നല്‍കിയിരുന്നു. മൃതദേഹം അഴുകിയ നിലയില്‍ ആണെന്നും മറ്റും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ക്കായി കഴിഞ്ഞ ദിവസം എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടു ഫാ.ടെബിന്‍ സ്‌കോട്ടിഷ് പോലീസിനു കത്തു നല്‍കിയതിനെ തുടര്‍ന്നു പോലീസ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
നേരത്തെ ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചിരുന്നു. മൃതശരീരം നാട്ടിലെത്തിക്കുവാനുള്ള എല്ലാ നടപടികളും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല