സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം വെള്ളിയാഴ്ച. കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ച മൃതദേഹത്തെ സ്‌കോര്‍ട് ലാന്‍ഡില്‍ നിന്നും ഫാ. ടെബിന്‍ പുത്തന്‍പുര അനുഗമിച്ചു.
വിമാനത്താവളത്തില്‍ ഫാ. മാര്‍ട്ടിന്റെ സഹോദരന്‍ തങ്കച്ചന്‍ വാഴച്ചിറ, സിഎംഐ സഭ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രോവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. പ്രോവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായ ഫാ. ജെയിംസ് മുല്ലശേരി, ഫാ. റോബിന്‍ അനന്തക്കാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അനേകം വൈദികരും നാട്ടുകാരും വിമാനത്താവളത്തിലെത്തിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു വിലാപയാത്രയായി ഉച്ചകഴിഞ്ഞു രണ്ടേമുക്കാലോടെയാണു പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടില്‍ ഫാ. മാര്‍ട്ടിന്റെ മൃതദേഹം എത്തിച്ചത്. കയ്യില്‍ പുഷ്പങ്ങളും ചുണ്ടില്‍ പ്രാര്‍ഥനയുമായി വന്‍ ജനക്കൂട്ടം വീട്ടിലെത്തിയിരുന്നു. നാട്ടുകാരും ഫാ. മാര്‍ട്ടിന്റെ സഹപാഠികളും സുഹൃത്തുക്കളുമുള്‍പ്പെടെ നുറുകണക്കിനുപേര്‍ വസതിയിലെത്തി പ്രിയ വൈദികന് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രാര്‍ഥനകള്‍ക്കു ഫാ. മാര്‍ട്ടിന്‍ അംഗമായ സിഎംഐ സഭയുടെ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് മേധാവി ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ മുഖ്യ കാര്‍മികത്വം വഹിച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടില്‍നിന്നെടുത്ത മൃതദേഹം ആറരയോടെ ചെത്തിപ്പുഴ ആശ്രമദേവാലയത്തില്‍ എത്തിച്ചു.വെള്ളിയാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
എഡിന്‍ബറ രൂപതയില്‍ ഉപരിപഠനത്തിനൊപ്പം സേവനം അനുഷ്ഠിച്ചുവന്ന ഫാ. മാര്‍ട്ടിനെ ജൂണ്‍ 24ന് ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്തുനിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്തായിരുന്നു മൃതദേഹം. സ്‌കോട് ലന്‍ഡ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉള്‍പ്പെടെ അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല