മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപക അക്രമം. കേരളത്തിലുള്ള തമിഴ്നാട്ടുകാര്‍ അക്രമിയ്ക്കപ്പെട്ടുവെന്ന പ്രചാരണത്തെ തുടര്‍ന്നാണ് അക്രമം രൂക്ഷമായത്.കേരളത്തിലെ ഉടുമ്പന്‍ചോലയില്‍ തമിഴ് തൊഴിലാളി കുടുംബങ്ങള്‍ക്കു നേരെ കൈയേറ്റമുണ്ടായെന്ന പ്രചാരണമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. കേരളത്തില്‍നിന്ന് ഏതാനും തമിഴ് കുടുംബങ്ങള്‍ ദേവാരം വഴി തമിഴ്നാട്ടിലെത്തിയിരുന്നു. ഇവരില്‍ സ്ത്രീകളെ കേരളത്തിലുള്ളവര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയതായും പുരുഷന്മാരെ തല്ലിപ്പരിക്കേല്പിച്ചതായും ‘കലൈജ്ഞര്‍ ടി.വി’ ഉള്‍പ്പെടെ ഡിഎംകെ അനുകൂല പത്രദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് വിശ്വസിച്ചാണ് ജനം തെരുവിലിറങ്ങിയത്.
ഈറോഡില്‍ ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളുമുള്‍പ്പെടെ മലയാളികളുടെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കുനേരെ വിദ്യാര്‍ഥി സംഘടനകളും ഗുണ്ടാസംഘങ്ങളും അക്രമം നടത്തി. ഹോട്ടലുകള്‍, തുണിക്കടകള്‍, കൂള്‍ബാറുകള്‍ എന്നിവക്കുനേരെയും അക്രമമുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഈറോഡിലെ മലയാളികളുടെ മുഴുവന്‍ സ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്.
ജോസ് ആലൂക്കാസ് ജ്വല്ലറിയിലെ അലങ്കാരങ്ങളും ജനല്‍ച്ചില്ലുകളും തകര്‍ക്കപ്പെട്ടു. മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖയുടെ വാതില്‍ തല്ലിത്തകര്‍ത്ത് ഉള്ളില്‍ കയറിയ അക്രമിസംഘം കസേരകളും ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ജീവനക്കാരെയും കയ്യേറ്റം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
പൊലീസിന്റെ കണ്മുന്നിലാണ് സംഭവങ്ങള്‍ അരങ്ങേറിയതെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് സര്‍ക്കാറിന് അനുകൂലമായി ഒരു ദിവസം കടയടച്ച് ഹര്ത്താലാചരിച്ചവരാണ് ഈറോഡിലെ മലയാളി വ്യാപാരികള്‍. എന്നിട്ടും ഇവര്‍ക്കെതിരെ അക്രമം തുടരുകയാണ്. മധുര ജില്ലയില്‍ പലയിടത്തും വ്യാഴാഴ്ച അക്രമമുണ്ടായതിനെ തുടര്‍ന്ന് മലയാളികളുടെ കടകള്‍ അടച്ചുപൂട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല