സ്വന്തം ലേഖകന്‍: സംസാരത്തിനിടെ മുംബൈക്കു പകരം ബോംബെയെന്ന് പറഞ്ഞത് വിനയായി, മലയാളി വിദ്യാര്‍ഥികള്‍ മുംബൈയില്‍ പോലീസ് സ്റ്റേഷനില്‍ കയറി. കേരളത്തില്‍ നിന്നും മുംബൈ സിഎസ്ടി യിലേക്ക് വണ്ടി കയറിയ ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചത്തെ 24 മണിക്കൂര്‍ ചെലവഴിക്കേണ്ടി വന്നത് മൂന്ന് വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ്. കോഴിക്കോട് നിന്നും നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയിലേക്ക് പോയ മഞ്ചോരി ജമിയത്ത് ഇക്കമിയ അറബിക് കോളേജിലെ വിദ്യാര്‍ത്ഥികളായ പാലക്കാടുകാരായ യൂനിസ്, മുസ്തഫ, ലക്ഷദ്വീപുകാരന്‍ മുഹമ്മദ് ആദില്‍, മലപ്പുറംകാരായ മുഹമ്മദ് അസ്‌ളം, അബ്ദുള്‍ റൗഊഫ് കോക്കോടുകാരന്‍ ഉവൈസ്, കണ്ണൂരുകാരന്‍ സിദ്ധിഖി എന്നിവരായിരുന്നു സംശയത്തിന്റെ പേരില്‍ പിടിയിലായത്.
മുംബൈ സിഎസ്ടി റെയില്‍വേ പോലീസ് സംശയത്തിന്റെ പേരില്‍ പിടികൂടിയ ഇവരെ കുര്‍ള, വാഷി റെയില്‍വേ സ്‌റ്റേഷനുകളിലെ പോലീസും ചോദ്യം ചെയ്ത ശേഷമാണ് വിട്ടത്. പനവേലിലെത്തുന്നതിന് മുമ്പായി വാട്‌സാപ്പിലൂടെ നാട്ടിലെ കൂട്ടുകാരനുമായി ചാറ്റ് ചെയ്യുകയായിരുന്ന മുസ്തഫയ്ക്ക് കൂട്ടുകാരന്‍ തമാശയ്ക്ക് ബോബെയാണ്, ബോംബ് ബോംബ് എന്നയച്ച സന്ദേശമാണ് പ്രശ്‌നമായത്. ഇതിന് ബോംബ് ബോംബെന്ന് മുസ്തഫ തിരിച്ചും സന്ദേശം അയച്ചു. സമീപത്തിരുന്ന് ഇതെല്ലാം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരന്‍ ആറുപേരുടെയും പടമെടുത്ത് റെയില്‍വേ പോലീസിന് പരാതി നല്‍കുകയായിരുന്നു.
പനവേലില്‍ ഇറങ്ങി ലോക്കല്‍ വണ്ടി പിടിച്ച് സിഎസ്ടിയില്‍ ചെന്ന ഇവരെ എതിരേറ്റത് കാത്തിരുന്ന പോലീസായിരുന്നു. പിന്നീട് സിഎസ്ടിയില്‍ നിന്നും കുര്‍ള പോലീസിലേക്കും അവിടെ നിന്നും വാഷി പോലീസിലേക്കും പോകേണ്ടി വന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കമുള്ളവരാണ് ചോദ്യം ചെയ്തത്. ഒടുവില്‍ സന്ദേശത്തില്‍ കഴമ്പില്ലെന്ന് വന്നതോടെയാണ് വിട്ടത്. ഒടുവില്‍ സംഭവം അറിഞ്ഞ മര്‍ക്കസിന്റെ മുംബൈ ചെയര്‍മാന്‍ ഇസ്മായീല്‍ അംജദി എത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. രത്‌നഗിരിയിലെ രാജാപൂരില്‍ ഉര്‍ദ്ദു പഠിക്കാന്‍ എത്തിയതാണ് വിദ്യാര്‍ഥികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല