സ്വന്തം ലേഖകന്‍: ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി; അഭിമാന നേട്ടവുമായി തോമസ് കുര്യന്‍. ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി മലയാളി തോമസ് കുര്യന്‍ നിയമിതനായി. 26ന് അദ്ദേഹം ഗൂഗിളിന്റെ മാതൃകന്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡില്‍ ചേരും. ഡയല്‍ ഗ്രീന്‍ (63) ഒഴിയുന്ന പദവിയിലേക്കാണ് ഇദ്ദേഹം എത്തുന്നത്. നേരത്തേ ഒറാക്കിള്‍ കോര്‍പറേഷനില്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവായിരുന്നു ഇദ്ദേഹം. ജനുവരി അവസാനമാണ് പുതിയ പദവി ഏറ്റെടുക്കുക.
ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവയോടുള്ള മത്സരത്തില്‍ ഗൂഗിള്‍ ക്ലൗഡ് പിന്നിലായ സാഹചര്യത്തിലാണു ഗ്രീനിനെ മാറ്റുന്നത്. ഗിറ്റ്ഹബ്, റെഡ്ഹാറ്റ് തുടങ്ങിയവ വാങ്ങി ബിസിനസ് വിജയിപ്പിക്കാനുള്ള അവസരം ഗ്രീന്‍ പാഴാക്കിയെന്ന് ആക്ഷേപമുണ്ട്. ഗിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് 750 കോടി ഡോളറിനും റെഡ്ഹാറ്റിനെ ഐബിഎം 3300 കോടി ഡോളറിനും വാങ്ങുകയായിരുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ സോഫ്‌റ്റ്വേര്‍ കന്പനിയായ ഒറാക്കിളില്‍ ക്ലൗഡ് വികസനത്തിന്റെ തലവനായിരുന്നു തോമസ് കുര്യന്‍. കോട്ടയം പാമ്പാടി സ്വദേശിയായ ഇദ്ദേഹവും സഹോദരന്‍ ജോര്‍ജ് കുര്യനും 1986ല്‍ പ്രിന്‍സ്ടണില്‍ വിദ്യാര്‍ഥികളായാണ് അമേരിക്കയിലെത്തിയത്. ഐഐടി മദ്രാസ്, പ്രിന്‍സ്ടണ്‍, സ്റ്റാന്‍ഫഡ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ കുറേക്കാലം പ്രവര്‍ത്തിച്ചിട്ട് ഒറാക്കിളില്‍ ചേര്‍ന്നു. 22 വര്‍ഷം അവിടെ പ്രവര്‍ത്തിച്ച് ചെയര്‍മാന്‍ ലാരി എല്ലിസന്റെ വിശ്വസ്തനായി. 2015ല്‍ ഓറക്കിളില്‍ പ്രസിഡന്റായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല