സ്വന്തം ലേഖകന്‍: ഫിന്‍ലന്‍ഡിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി മരട് സ്വദേശിയായ മലയാളി. മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകന്‍ രഞ്ജിത്ത് കുമാറാണ് അപൂര്‍വമായ നേട്ടം സ്വന്തമാക്കിയത്. ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലായിരുന്നു രഞ്ജിത്തിന്റെ ഹാട്രിക് വിജയം.2008 ലാണ് രഞ്ജിത്ത് ഹമീന്‍ലിനയില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. എന്ന നാല്പതാം സ്ഥാനത്തായിരുന്നു. ഇത്തവണ മേയര്‍ സ്ഥാനത്തിന് തൊട്ടടുത്തായി നാലാം സ്ഥാനം പിടിച്ചിരിക്കുകയാണ് രഞ്ജിത്ത്. നിലവില്‍ ഹമീന്‍ലിന റീജണല്‍ ഹോസ്?പിറ്റല്‍ ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്ന രഞ്ജിത്ത് മേയര്‍ സ്ഥാനത്തിനായി ശ്രമിക്കാനുള്ള ഒരുക്കത്തിലാണ്.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കൗണ്‍സിലറായ രഞ്ജിത്ത് കൂടാതെ മറ്റു രണ്ടു മലയാളികള്‍ കൂടി മത്സരിച്ചിരുന്നെങ്കിലും രഞ്ജിത്തിനു മാത്രമാണ് വിജയം കാണാനായത്. കുവോപിയോ എന്ന സ്ഥലത്ത് ചെങ്ങന്നൂര്‍ സ്വദേശി റോള്‍സ് ജോണ്‍ വര്‍ഗീസ്, എസ്‌പോ മുനിസിപ്പാലിറ്റിയില്‍ ഭരണകക്ഷി സഖ്യ സ്ഥാനാര്‍ഥിയായി കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീര്‍ ഒറുപുറംകണ്ടത്തില്‍ എന്നിവരായിരുന്നു മറ്റു മലയാളി സ്ഥാനാര്‍ഥികള്‍. അരക്കോടിയിലേറെ ജനസംഖ്യയുള്ള ഫിന്‍ലന്‍ഡില്‍ മലയാളികള്‍ 1200 പേരാണുള്ളത്. ആകെ 3,300 സ്ഥാനാര്‍ഥികളാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. ഹമീന്‍ലിന മലയാളി അസോസിയേഷന്റെ പിന്തുണ നിര്‍ണായകമായതായി രഞ്ജിത് പറഞ്ഞു. നിലവിലുള്ള ഔപചാരിക വോട്ടു ചോദിക്കല്‍ രീതികളില്‍ നിന്ന് മാറി ഇന്ത്യന്‍ ശൈലിയിലായിരുന്നു രഞ്ജിത്തിന്റെ പ്രചാരണം.
2001 മുതല്‍ ഭാര്യ മിന്ന എക്ലോവയ്‌ക്കൊപ്പം തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഹമീന്‍ലിന നിവാസിയാണ് രഞ്ജിത്ത്. ആയുര്‍വേദ ഔഷധങ്ങളെ പറ്റി പഠിക്കാനെത്തിയ മിന്നയുമായുള്ള അടുപ്പം രഞ്ജിത്തിന്റെ ആദ്യം വിവാഹത്തിലും പിന്നീട് ഫിന്‍ലന്‍ഡിലും എത്തിച്ചു. തുടര്‍ന്ന് ഫിനീഷ് ഭാഷ പഠിച്ച് നഴ്‌സിങ് ബിരുദം എടുത്തു.മിന്നയുടെ കുടുംബവും ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുള്ള ജ്യേഷ്ഠന്‍ ഗണേഷും കുടുംബവും ഒപ്പം സഹോദരീ ഭര്‍ത്താവായ ആര്‍ടിസ്റ്റ് എവറസ്റ്റ് രാജും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഉറച്ച പിന്തുണ നല്‍കുന്നതായി രഞ്ജിത്ത് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല