സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളി സാന്നിധ്യം, പതിനെട്ട് മലയാളികള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം ബലപ്പെടുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ച രണ്ട് മലയാളികളെ കൂടി കാണാതായതോടെ ഇവരും ഐ.എസില്‍ ചേര്‍ന്നതായി സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്കി. കാസര്‍ഗോഡ് പടന്ന സ്വദേശികളെയാണ് കാണാതായത്.
കാസര്‍ഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ദമ്പതികള്‍ അടക്കമുള്ളവരാണ് ഐ.എസില്‍ ചേര്‍ന്നതായി ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചവരെ കൂടി കാണാതായതോടെ മൊത്തം പതിനെട്ട് മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായാണ് കരുതുന്നത്. കാണാതായവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയതോടെ അന്വേഷണം ചൂടുപിടിച്ചിട്ടുണ്ട്.
അതേസമയം കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നുവെന്നതിന് സ്ഥിരീകരണമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. രാജ്യാന്തര ബന്ധമുള്ള വിഷയമായതിനാല്‍ റോ, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
തീര്‍ഥയാത്രയുടെ പേരില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കാണാതായ പതിനാറ് മലയാളി യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്താതിരുന്നതാണ് ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം വ്യാപിക്കാന്‍ കാരണം. ഒരു മാസം കഴിഞ്ഞിട്ടും ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവര്‍ ഇറാഖിലേക്കോ സിറിയയിലേക്കോ കടന്നതായാണ് സംശയം. കാണാതായവരില്‍ ഒരു ഡോക്ടറും ഭാര്യയും എട്ട് മാസം പ്രായമുള്ള മകനും ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല