സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ ഭാര്യക്കും കാമുകനും കുറ്റക്കാര്‍; ഭാര്യയ്ക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവ്. മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവരെയാണ് വിക്ടോറിയന്‍ സുപ്രീം കോടതി ജയില്‍ ശിക്ഷയ്ക്കു വിധിച്ചത്. അരുണ്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
സോഫിയ 22 വര്‍ഷവും അരുണ്‍ 27 വര്‍ഷവും തടവ് അനുഭവിക്കണം. ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു. 2015 ഒക്ടോബര്‍ 13നാണ് സാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നു സോഫിയ വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ച ശേഷം ഭാര്യ സോഫിയ മകനൊപ്പം മെല്‍ബണിലേക്കു മടങ്ങുകയും ചെയ്തു.
പിന്നീട് ഓസ്‌ട്രേലിയന്‍ ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിലാണു മരണം കൊലപാതകമാണെന്നു വ്യക്തമായത്. സയനൈഡ് നല്‍കിയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയത്. സോഫിയയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ കേസില്‍ നിര്‍ണായകമായി. വിവാഹത്തിനു മുമ്പുതന്നെ അടുപ്പത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനു തടസമായ സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.
കോട്ടയത്തു കോളജില്‍ പഠിക്കുന്ന സമയത്താണ് സോഫിയ സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ തന്നെ വിദ്യാര്‍ഥിയായിരുന്ന അരുണുമായും സോഫിയ അടുത്തു. വിവാഹ ശേഷം ആദ്യനാളുകളില്‍ സാമിനു ദുബായിലായിരുന്നു ജോലി. സോഫിയ ഓസ്‌ട്രേലിയയിലെത്തി കുറെനാളുകള്‍ക്കു ശേഷമാണ് സാം അവിടെ എത്തിയത്. പിന്നീട് അരുണും ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയില്‍ എത്തിയതോടെയാണ് വഴിവിട്ട ബന്ധം ആരംഭിക്കുന്നതും സാം കൊല്ലപ്പെടുന്നതുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല