സ്വന്തം ലേഖകന്‍: മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് പ്രിയം കുറയുന്നോ? ഗള്‍ഫ് മലയാളികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് സര്‍വേ. ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) പുറത്തുവിട്ട സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 2016ല്‍ ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്.
സര്‍വെ പ്രകാരം 2014ല്‍ 24 ലക്ഷമായിരുന്ന വിദേശ മലയാളികളുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവോടെ 2016 ല്‍ 22.05 ലക്ഷത്തിലെത്തി. സിഡിഎസ് സര്‍വ്വേ ആരംഭിച്ച 1998 ന് ശേഷം ആദ്യമായാണ് പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നത്. 1998 മുതല്‍ 2011 വരെ സ്ഥിരമായ വര്‍ധനയാണ് കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായത്. 1998ല്‍ പ്രവാസികളുടെ എണ്ണം 13.6 ലക്ഷമായിരുന്നു. 2003ല്‍ 18.4 ലക്ഷവും 2008ല്‍ 21.9 ലക്ഷവും 2011ല്‍ 22.8 ലക്ഷവും ആയി ഉയരുകയായിരുന്നു പ്രവാസികളുടെ എണ്ണം.
സംസ്ഥാനത്ത് ജോലി ചെയ്യാന്‍ ശേഷിയുള്ള പ്രായക്കാരുടെ ജനസംഖ്യ കുറഞ്ഞത് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കുന്ന വേതനത്തില്‍ വലിയ വ്യത്യാസമില്ലാതായത് തുടങ്ങിയവയാണ് കുടിയേറ്റത്തില്‍ കുറവ് വരാനുള്ള പ്രധാനകാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം നിര്‍മ്മാണമേഖലയിലും ഷോപ്പിങ്ങ് മാളുകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉള്ള തൊഴില്‍ സാധ്യത കുറച്ചിട്ടുണ്ട്. ആഗോളസാമ്പത്തിക മാന്ദ്യവും എണ്ണവില ഇടിഞ്ഞതും കുറഞ്ഞ ശമ്പളത്തിന് മറ്റ് സംസ്ഥാനക്കാരും രാജ്യക്കാരും ജോലിക്ക് തയ്യാറായതും മലയാളികള്‍ക്ക് തിരിച്ചടിയായതായും സര്‍വേ നിരീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല