സ്വന്തം ലേഖകൻ: ജനവിധി അനുകൂലമായാൽ ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിൽ എത്തുക രണ്ടു മലയാളികള്‍. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എറിക് സുകുമാരനും പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ബ്രിട്ടിഷ് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൗസ് ഓഫ് കോമണ്‍സില്‍ മുഴങ്ങും.
കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്സായ സോജന്‍. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.
പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായ ആഷ്ഫോര്‍ഡില്‍ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബര്‍ പാര്‍ട്ടി, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനായ സോജന്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനാണ് സോജന്റെ മുഖ്യ എതിര്‍ സ്ഥാനാര്‍ഥി.
1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാര്‍ജിന്‍ മറികടക്കാനാകുമെന്നാണ് സോജന്റെ വിശ്വാസം . ഇതിനായി പ്രചാരണരംഗത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സോജന്‍ നടത്തുന്നത്. ഇതുവരെ പുറത്ത് വന്ന പ്രീപോള്‍ സര്‍വേകളില്‍ പലതും സോജന് അനുകൂലമാണ്.
നിലവില്‍ എയില്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റൗര്‍ വാര്‍ഡിലെ ലോക്കല്‍ കൗണ്‍സിലറായ സോജന്‍ ‘കെന്റ് ആന്‍ഡ് മെഡ്വേ എന്‍.എച്ച്.എസ് ട്രസ്റ്റിലെ’ മെന്റല്‍ ഹെല്‍ത്ത് ഡിവിഷനില്‍ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളാണ്. 22 വര്‍ഷമായി എന്‍.എച്ച്.എസില്‍ പ്രവര്‍ത്തിക്കുന്ന സോജന്‍ ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ഹെഡാണ്. യുകെയില്‍ എത്തിയകാലം മുതല്‍ സാമൂഹിക സേവനത്തില്‍ താല്‍പര്യം കാണിച്ച സോജന്‍ 2010-15 കാലഘട്ടത്തില്‍ നഴ്സുമാരുടെ ശമ്പള വര്‍ധനയ്ക്കായുള്ള സമരത്തിലും ക്യാംപെയ്നിലും മുന്നിലുണ്ടായിരുന്നു.
നഴ്സിങ് വിദ്യാര്‍ഥികളുടെ ബര്‍സറി (ഗ്രാന്‍ഡ്) പു:നസ്ഥാപിക്കാനുള്ള പോരാട്ടത്തിലും സോജന്‍ നിര്‍ണായക നേതൃത്വമാണ് നല്‍കിയത്. മലയാളി അസോസിയേഷനുകളിലും കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ സോജന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആവേശത്തിലാണ് ആഷ്ഫോര്‍ഡിലെയും കെന്റിലെ മറ്റു ചെറുപട്ടണങ്ങളിലെയുമെല്ലാം മലയാളികള്‍. ബെംഗളുരൂവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്.
ലണ്ടനിലെ സൗത്ത്ഗേറ്റ് ആന്‍ഡ് മണ്ഡലത്തില്‍ നിന്നാണ് ടോറി ടിക്കറ്റില്‍ മറ്റൊരു മലയാളിയായ എറിക് സുകുമാരന്‍ മല്‍സരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ ജോണി സുകുമാരന്റെയും വര്‍ക്കല സ്വദേശിനിയായ അനിറ്റ സുകുമാരന്റെയും മകനാണ്. ഭാര്യ- ലിന്‍ഡ്സെ. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ ജനിച്ചുവളര്‍ന്ന എറിക്കിന് സൗത്ത്ഗേറ്റ് ആന്‍ഡ് വുഡ്ഗ്രീന്‍ മണ്ഡലത്തില്‍ മലയാളികളായ ബന്ധുക്കളും സുഹൃത്തുക്കളും ഏറെയുണ്ട്. റിന്യൂവബിള്‍ എനര്‍ജി സംരംഭകനായ എറിക് അമേരിക്കയിലും സിംഗപ്പൂരിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിലും പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിലും പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടിയ എറിക്കിന് നിരവധി പ്രൈവറ്റ്-പബ്ലിക് സെക്ടര്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് . ഹൈ സ്പീഡ് റെയില്‍ പ്രോജക്ട്, ഇന്റഗ്രേറ്റിങ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍, ഇന്റര്‍നാഷനല്‍ ക്ലൈമറ്റ് ട്രീറ്റീസ്, ബ്രക്സിറ്റ് ചര്‍ച്ചകള്‍, വേള്‍ഡ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തിച്ച പരിചയമാണ് എറിക്കിന് സ്ഥാനാര്‍ഥിത്വം നേടിക്കൊടുത്തത്. ഒപ്പം പ്രധാനമന്ത്രി സുനകുമായുള്ള അടുപ്പവും തുണയായി. എറിക്കിന് സ്വന്തമായി ഒരു റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ആന്‍ഡ് അഡ്വൈസറി ബിസിനസുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല