സ്വന്തം ലേഖകന്‍: ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തട്ടിപ്പിനിരയായവരില്‍ ഒരാളായ വൈശാഖ് മോഹന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ തൊഴിലുടമയ്ക്കും മകനും എതിരെ ഏലൂര്‍ പൊലിസ് കേസെടുത്തു.
കൊടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായില്‍ ബാവ, മകന്‍ ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് പരാതി. 9 മലയാളി ജീവനക്കാര്‍ ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ ദോഹയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് മലയാളികള്‍ ഉള്‍പെടെയുള്ള ഒന്‍പതു പേരെയും ഇസ്മയില്‍ ബാവ ദോഹയിലേക്ക് കൊണ്ടു വന്നത്. പിന്നീട് ഇവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി ലക്ഷക്കണക്കിന് റിയാല്‍ വായ്പ എടുക്കുകയായിരുന്നു.
മാസ ശമ്പളം അക്കൗണ്ട് വഴി നല്‍കാനെന്ന ന്യായത്തിലാണ് ജീവനക്കാരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കി ഇസ്മയില്‍ ബാവ വഞ്ചന നടത്തിയത്. വായ്പയെടുത്തത് ഇവരുടെ പേരിലായതിനാല്‍ നാട്ടിലേക്കു മടങ്ങാനാകാതെ ഖത്തറില്‍ കുടുങ്ങികിടക്കുകയാണ് ജീവനക്കാര്‍.
വൈശാഖ് ബാങ്കുമായി ഒത്തുതീര്‍പുണ്ടാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ വൈശാഖ് മന്ത്രി കെസി ജോസഫിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല