സ്വന്തം ലേഖകൻ: രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിലെ മലയാളി ഡോക്ടർക്ക് ജയിൽ ശിക്ഷ. ഈസ്റ്റ് സസക്സ് ഹെൽത്ത്‌കെയർ എൻഎച്ച്എസ് ട്രസ്റ്റിന്റെ ഈസ്റ്റ്‌ബോണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ. സൈമണ്‍ എബ്രഹാം (34) ആണ് യുവതിയുടെ പരാതിയെ തുടർന്നു ജയിലിൽ ആയത്.
ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയ യുവതി പിന്നീട് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ സൈമണിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളില്‍ നിന്നാണ് ഡോക്ടറിന്റെ മസാജിങ് ചികിത്സയെ കുറിച്ച് അറിയുന്നത്. തലവേദന മാറ്റാന്‍ മസാജിങ് നല്ല ചികിത്സ ആണെന്ന് യുവതിയെ ബോധ്യപ്പെടുത്തിയ സൈമൺ വീട്ടിലെത്തി ചികിത്സിക്കാൻ ഉള്ള അനുമതി വാങ്ങി.
എന്നാല്‍ വീട്ടില്‍ എത്തി മസാജിങ് നടത്തവേ അസ്വസ്ഥകരമായ പെരുമാറ്റമാണ് ഡോക്ടറില്‍ നിന്നും ഉണ്ടായെന്നാണ് ആരോപണം. മസാജിങ് അതിരു കടക്കുന്ന ഘട്ടത്തില്‍ എത്തിയപ്പോഴേക്കും വീട്ടില്‍ സന്ദര്‍ശകര്‍ എത്തിയതോടെ ഡോകടര്‍ മടങ്ങുകയായിരുന്നു. ഇതേക്കുറിച്ച് ആശുപത്രിയില്‍ വിളിച്ചു പരാതിപ്പെട്ട യുവതി പോലീസിലും പരാതിപ്പെടുക ആയിരുന്നു.
2020 ഒക്ടോബറിൽ നടന്ന സംഭവത്തിന്റെ വിചാരണ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. തുടര്‍ന്ന് ജൂലൈ 14 ന് ചിച്ചസ്റ്റർ ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിക്കുക ആയിരുന്നു. ഔദ്യോഗികമായി യുവതി ഡോക്ടര്‍ സൈമണിന്റെ രോഗി അല്ലാതിരുന്നിട്ടും വിശദാംശങ്ങള്‍ ശേഖരിച്ചു ചികില്‍സിക്കാന്‍ ശ്രമിച്ചതില്‍ കോടതി ദുരുദ്ദേശം കണ്ടെത്തുക ആയിരുന്നു.
ചിച്ചസ്റ്റർ ക്രൗൺ കോടതി ജഡ്ജി ജോ ഗ്ലെഡ് ഹില്‍ ആണ് കേസില്‍ വാദം കേട്ടത്. തന്റെ ജോലി സമയം കഴിഞ്ഞ ശേഷമാണ് ഡോക്ടര്‍ യുവതിയുടെ വീട്ടില്‍ എത്തിയത് എന്നും കോടതി നിരീക്ഷിച്ചു. സസക്സ് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ സൈമൺ എബ്രഹാം കുറ്റം നിഷേധിച്ചുവെങ്കിലും തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ വീട്ടില്‍ പോയ കാര്യം സമ്മതിക്കുക ആയിരുന്നു. എന്നാല്‍ ലൈംഗിക ദുരുദ്ദേശത്തോടെ തൊട്ടിട്ടില്ല എന്നും ഡോക്ടര്‍ ആവര്‍ത്തിച്ചു.
18 മാസത്തെ ശിക്ഷക്ക് ആണ് വിധേയന്‍ ആയതെങ്കിലും ജയിലില്‍ ഒന്‍പതു മാസം കിടന്നാല്‍ മതിയാകും. എന്നാല്‍ പത്തു വര്‍ഷത്തേക്ക് ലൈംഗീക കുറ്റവാളികളുടെ ലിസ്റ്റില്‍ സൈമണിന്റെ പേര് ഉള്‍പ്പെടുത്താൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് വർഷം ഇരയായ യുവതിയെ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി നിർദ്ദേശം ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല