സ്വന്തം ലേഖകൻ: നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. അപകടത്തിൽനിന്നും രക്ഷപ്പെട്ട ഇവരുടെ ആറു വയസുകാരൻ മകനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നുള്ളൂ. ഇതോടെയാണ് അപകടത്തിന് പിന്നാലെ ദമ്പതികളെ കാണാതായെന്ന വാർത്ത പരന്നത്. ദമ്പതികൾ മുംബൈ ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.
അപകടശേഷം ദമ്പതികളെ രക്ഷാപ്രവർത്തകർ മുംബൈ ഡോക് യാർഡിലേക്കും ആറു വയസുകാരൻ ഏബൽ മാത്യുവിനെ ഉറാൻ തുറമുഖത്തേക്കുമാണ് എത്തിച്ചത്. ഇതോടെയാണ് കുട്ടിയും മാതാപിതാക്കളും രണ്ടിടത്തായത്. തുടർന്ന് ബന്ധുക്കൾ പൊലീസിന് ബന്ധപ്പെട്ടെങ്കിലും കുട്ടിയെ മാത്രം ലഭിച്ചു. വൈകാതെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദമ്പതികൾ അപകടത്തെ അതിജീവിച്ച് ഡോക്‌യാർഡിൽ എത്തിയതായി സ്ഥിരീകരിച്ചത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ 101 പേരെ ആറോളം ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന യാത്ര ബോട്ടാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. യാത്ര ബോട്ടിലേക്ക് ആറുപേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. നൂറിലധികം പേരാണ് യാത്രാ ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ മരിക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. സ്പീഡ് ബോട്ട് കടലില്‍ സിഗ്സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തില്‍കാണാം.
സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന കഴിഞ്ഞദിവസം അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത് എന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ രണ്ട് നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടെ ആറുപേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. അതേസമയം, ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കൃത്യതയില്ലാത്തതിനാൽ എത്രപേരെ ഇനിയും കണ്ടെത്താനുണ്ട് എന്ന് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല