വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ചെറു നഗരമായ ബ്രിഗ്ഹൌസില്‍ മലയാളിലായ ജോസഫിന്റെ പഴവര്‍ഗ കൃഷിയിലെ നൂറുമേനി വിളവ തദ്ദേശീയര്‍ക്ക് അത്ഭുതമാവുകയാണ്. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച പഴവര്‍ഗ കൃഷിയുടെ പൂര്‍ണതയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ചങ്ങനാശ്ശേരി മാറിയായ്ക്കല്‍ ജോസഫും ഭാര്യ ജെസ്സി, മക്കളായ രശ്മി, ജെയ്സണ്‍, ജോജന്‍ എന്നിവര്‍. കൃഷിയോടും പൂന്തോട്ടത്തോടും കമ്പമുള്ള ജോസഫും കുടുംബവും പച്ചക്കറി കൃഷി ചെയ്യാനാണ് പദ്ധതി ആസൂത്രണം ചെയ്തതെങ്കിലും സ്ഥലപരിമിധി മൂലം ഉദ്ദേശിക്കുന്നത് പോലെ വിവിധ തരം പച്ചക്കറി കൃഷികള്‍ക്കു അനുയോജ്യമായ സ്ഥലമെന്നതിനാലാണ് പഴവര്‍ഗ കൃഷിയിലേക്ക് ശ്രദ്ധ ചെലുത്തിയത്.
സ്ട്രോബറി, മുന്തിരി, ബ്ലാക്ബറി, ബ്ലൂബറി, ചെറി, പയര്‍, പ്ലം വിവിധയിനം ആപ്പിള്‍, റെഡ്ബറി, എന്നിവയ്ക്കൊപ്പം തക്കാളിയും ബീന്‍സും ചീരയും വിളയുന്നുണ്ട് ഈ കര്‍ഷകന്റെ കൃഷിയിടത്തില്‍. യാതൊരു വിധ രാസവളങ്ങളോ ജൈവവളങ്ങളോ ഉപയോഗിക്കാതെയാണ് ജോസഫിന്റെ കൃഷിയിടത്തില്‍ നൂറുമേനി വിളയുന്നത്. ചെടികള്‍ക്ക് സംഗീതം കേള്‍ക്കുന്നതാണ് വളമെന്നാണ് ജോസഫിന്റെ പക്ഷം. എല്ലാ ദിവസവും രണ്ടു നേരമെങ്കിലും ചെടികള്‍ക്ക് സംഗീതം കേള്‍പ്പിക്കണമെന്ന് ജോസഫിന് നിര്‍ബന്ധമുണ്ട്. ഒപ്പം അവരോടു സംസാരിക്കുന്നതും അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും കൃഷിയില്‍ നൂറുമേനി വിളവ് നല്‍കാന്‍ സഹായിക്കുന്നുണ്ടത്രേ.
മനോഹരമായ പൂന്തോട്ടം മുറ്റത്തും ലിവിംഗ് റൂമിലും ഒരുക്കി വിജയം കണ്ടതിനു ശേഷമാണ് പഴവര്‍ഗ കൃഷിയിലേക്ക് ജോസഫ് തിരിഞ്ഞത്. 12 മാസക്കാലവും പൂവ് വിരിയുന്ന ജിറെനിയത്തിന്റെ നാല് കളറിലുള്ള പൂക്കള്‍ ലിവിംഗ് റൂമിന് കൂടുതല്‍ വശ്യത നല്‍കുന്നു. യുകെയിലെ ഭവനങ്ങളുടെ പ്രത്യേകത മൂലം ചെടികള്‍ ബഡ് ചെയ്തു വളര്‍ത്തുന്നത് വഴി ഒരു സസ്യത്തില്‍ നിന്നും വിവിധ കളറിലുള്ള ആപ്പിളും മുന്തിരിയും ലഭിക്കുന്നത് വഴി സ്ഥലം ലാഭിക്കാമെന്ന് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. തന്നെപ്പോലെ കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക്, മലയാളികള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത കറിവേപ്പിലയുടെ തൈകള്‍ നല്‍കുവാന്‍ ജോസഫ് തയ്യാറാണ്, പക്ഷെ ഒരു നിബന്ധനമാത്രം അനാഥരായി വളര്‍ത്താതെ ചെടികളെ പരിപാലിച്ചു വളര്‍ത്തണം.
ബന്ധപ്പെടേണ്ട നമ്പര്‍: 07886873849
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല