സ്വന്തം ലേഖകൻ: ലണ്ടനിലെ സൗത്താളിൽ മലയാളിയായ അറുപത്തിരണ്ടുകാരൻ തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്.
റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച വെളുപ്പിനെ ജെറാള്‍ഡിനെ കണ്ടെത്തുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവായതിനാല്‍ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാള്‍ഡിനെ കണ്ടെത്തിയത്. തുടര്‍ന്ന് റോഡുകള്‍ അടച്ചു പട്രോളിംഗ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തില്‍ കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ നെറ്റോയുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 20കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാള്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല