സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തിലെ തിരക്കേറിയ അണ്ടർ ഗ്രൗണ്ട് ട്യൂബ് ട്രെയ്നിൽ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി ആടിപ്പാടി ഓണമാഘോഷിച്ച് മലയാളി നഴ്സുമാർ. മലയാളത്തനിമയിൽ സെറ്റുസാരിയണിഞ്ഞ അമ്പതോളം മലയാളി നഴ്സുമാർ ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇത് കൗതുക കാഴ്ചയായി. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി ലണ്ടൻ ട്യൂബിലെ ഈ ഓണപ്പാട്ടും നൃത്തവും.
സെൻട്രൽ ലണ്ടനിലെ ‘തോമസ് ആൻഡ് ഗൈസ്’ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും മറ്റു മലയാളി ഉദ്യോഗസ്ഥരുമാണ് ഇന്നലെ ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ആദ്യമായാണ് മലയാളികൾക്ക് മാത്രമായി ഇത്തരമൊരു ആഘോഷത്തിന് ആശുപത്രി അധികൃതർ ആശുപത്രി കോംപൗണ്ടിൽ അനുമതി നൽകിയത്.
ആഘോഷത്തിനു ശേഷം ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മലയാളി റസ്റ്ററന്റിലേക്ക് സദ്യയുണ്ണാനായി പോകവേയാണ് ട്രെയ്നുള്ളിൽ പാട്ടുപാടിയും പാട്ടിനൊപ്പം താളം ചവിട്ടിയും ഇവർ ആഘോഷത്തിന് മാറ്റുകൂട്ടിയത്. ലണ്ടൻ ബ്രിഡ്ജിൽനിന്നും ജൂബിലി ലൈനിൽ വെസ്റ്റ്ഹാം വരെയും പിന്നീട് ഡിക്സ്ട്രിക്ട് ലൈനിൽ ഈസ്റ്റ്ഹാം വരെയുമാണ് 43 പേരുടെ സംഘം ട്രെയിനിൽ ഓണാഘോഷത്തെ ഒരു ഘോഷയാത്രയാക്കിയത്. എസ്കലേറ്ററിൽ ഇവർ താളംവച്ചുകയറിയപ്പോൾ യാത്രക്കാർ പലരും സുന്ദരമായ ഈ കാഴ്ച വിഡിയോയിലാക്കി. പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വിഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായി.
നഴ്സുമാരും കെയറർമാരും വിദ്യാർഥികളുമടക്കം ബ്രിട്ടനിലേക്കു കുടിയേറിയിട്ടുള്ള മലയാളികളും അവരുടെ കുടുംബാംഗങ്ങളും എല്ലാ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഓണമില്ലാത്ത ഒരു മൂലപോലും ബ്രിട്ടനിൽ ഇല്ലാത്ത സ്ഥിതിയാണ്.
ഈയാഴ്ചയാണ് ഏറ്റവും അധികം ഓണാഘോഷങ്ങൾ നടക്കുന്നത്. ശനി, ഞായർ ദിവസങ്ങൾക്കു പിന്നാലെ ഉത്രാടദിനമായ തിങ്കളാഴ്ച ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ കൂടി ആയതോടെ ആഘോഷം പൊടിപൊടിക്കാനുള്ള തീരുമാനത്തിലാണ് മലയാളി സംഘടനകളും കൂട്ടായ്മകളും.
കഴിഞ്ഞയാഴ്ച മുതൽ തന്നെ ആരംഭിച്ച അസോസിയേഷനുകളുടെ ഓണാഘോഷം ഇനി ഓക്ടോബർ പകുതി വരെ നീളും. മലയാളികളുടെ സാന്നിധ്യം രാജ്യത്ത് എല്ലായിടത്തുമായതോടെ ദീപാവലിപോലെ ഓണവും ഇന്ത്യക്കാരുടെ വലിയ ആഘോഷമായി ബ്രിട്ടിഷുകാർക്കിടയിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. സെറ്റു സാരിയും കസവുമുണ്ടും ഉടുത്ത് പൊതുനിരത്തിൽ കാണുന്നവരോട് ഇംഗ്ലിഷുകാർ ഹാപ്പി ഓണം പറയുന്ന കാലമാണ് ബ്രിട്ടനിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല