
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സാമൂഹികോന്നതിക്കായി ഇടപെടൽ നടത്തിയ 18 പേരെ പൊതുജന നാമനിർദേശത്തിലൂടെ ബ്രിട്ടീഷ് ട്രെയിൻ ഓപ്പറേറ്റിങ് കമ്പനിയായ ചിൽട്ടേൺ റെയിൽവേ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒരാളായി മലയാളിയായ പ്രഭുവും. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ച് സമൂഹത്തിന് പ്രചോദനം നൽകുകയാണ് ചിൽട്ടേൺ റെയിൽവേയുടെ ലക്ഷ്യം. ഒരു വർഷമെടുത്ത നാമനിർദേശ നടപടികളിലൂടെയാണ് 18 പേരെ കണ്ടെത്തിയത്.
ഇവരുടെ ചിത്രമടക്കമുള്ള മുഴുവൻ വിവരങ്ങൾ ബ്രിട്ടനിലെ ഒാക്സ്ഫഡിന് സമീപമുള്ള ബാൻബറി റെയിൽവേ സ്റ്റേഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ചിത്രത്തോടൊപ്പം ക്യു.ആർ. കോഡും നൽകിയിട്ടുണ്ട്.
തൃശ്ശൂർ പഴയന്നൂർ സ്വദേശിയായ പ്രഭു കോവിഡ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ബ്രിട്ടനിൽ ജോലി തേടിയെത്തിയത്. പത്താം നാൾ ലോക് ഡൗൺ തുടങ്ങി. ജോലിക്കായുള്ള കാത്തിരിപ്പിനിടെ നവംബർ 14-ന് ഏഴാം വിവാഹവാർഷികദിനമെത്തി. ആഘോഷത്തിനാരുമില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണം വാങ്ങി. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ ഭക്ഷണം നൽകാമെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു. ഒന്നര മണിക്കൂറിനുള്ളിൽ നൂറുപേരുടെ വിളിയെത്തി.
ഇവിടെ നിന്നാണ് കോവിഡ് കാല സേവനത്തിന് തുടക്കമിടുന്നത്. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും സംഘടിപ്പിച്ചു നൽകി. അത് വിജയമായി. അതോടെ പ്രഭു ബ്രിട്ടനിൽ താരമായി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൺ അത്താഴവിരുന്നിന് ക്ഷണിച്ചു.
ബാൻബറിയിൽ താമസിക്കുന്ന പ്രഭു അവിടെ വൃദ്ധസദനത്തിൽ കെയർടേക്കറാണ്. ഭാര്യ ശില്പ മാനേജരും. മക്കൾ: അദ്വൈത്, അദ്വിക്. പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. നടന്ന് വീടുകളിലെത്തി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല