സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. പാന്‍മസാല വില്‍പ്പനക്കാരുടെ മര്‍ദ്ദനമേറ്റു മലയാളി വിദ്യാര്‍ഥി മരിച്ച സംഭവത്തിലാണ് പാന്‍മസാല വില്‍പ്പനക്കാരനും രണ്ടു മക്കളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പ്രതികള്‍ 15 കാരനായ രജത്ത് എന്ന മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്നത്.
ട്യൂഷന് കഴിഞ്ഞ് ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു രജത്തിനെ വഴിയരികിലെ പാന്‍മസാല കച്ചവടക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ മൊഴിയും മര്‍ദ്ദിച്ചവര്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ആശുപത്രി സിസിടിവി ദൃശ്യങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്.
അതേസമയം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരീകാവയവങ്ങള്‍ക്ക് പരിക്കേറ്റതായി വിവരമില്ല. ആന്തരീകാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുമെന്നും അതിന്റെ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നുമാണ് പോലീസ് പറയുന്നത്. രജത്തിന്റെ മരണത്തെ തുടര്‍ന്ന് ഇവിടെ താമസിക്കുന്ന മലയാളികള്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ന്യൂ അശോക്നഗര്‍ പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു.
പാന്‍മസാല കടക്കാരന്റെ മക്കളാണ് രജത്തിനെ മര്‍ദ്ദിച്ചതെന്ന് വിവരമുണ്ട്. ഇവര്‍ തന്നെയാണ് രജത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയിലും എത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചികിത്സിക്കാന്‍ ആദ്യം എത്തിച്ച ആശുപത്രികള്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസ് പ്രദേശത്തെ കടകള്‍ അടപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല