സ്വന്തം ലേഖകൻ: യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന.
പനിയും ശ്വാസതടസവും മൂലമാണ് ആദ്യം പീറ്റർബറോ എൻഎച്ച്എസ് ആശുപത്രിയിൽ ജിപി റഫറൻസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ആശുപത്രിയിൽ രണ്ട് ദിവസം മുൻപ് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ അഥീന മരിച്ചത്.
പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയ ഇരുവരും കഴിഞ്ഞ വർഷം ഡിസംബർ 28 ന് അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു.
നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു. ഓണക്കാലത്ത് അഥീനയുടെ മാതാപിതാക്കളുടെ സുഹൃത്തായ ടോംസ് കൈലാത്ത് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇപ്പോൾ അഥീനയുടെ വേർപാടിൽ മാതാപിതാക്കളെയും ഏക സഹോദരി ആഞ്ജലീനയേയും അശ്വസിപ്പിക്കുവാൻ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പൊതുദർശനവും സംസ്കാരവും പിന്നീട്. ഇതിനായുള്ള ക്രമീകരണങ്ങൾക്ക് സ്പാൾഡിങ് മലയാളി അസോസിയേഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾ റദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല