സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേറിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാനും അതിലൊരു കാരണമുണ്ടായിരുന്നു. കോട്ടയം സ്വദേശിയായ സോജൻ ജോസഫ് ബ്രിട്ടിഷ് പാർലമെന്റ് എംപിയാകുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകയായിരുന്ന ആഷ്ഫഡിൽ ബ്രിട്ടന്റെ ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഡാമിയൻ ഗ്രീനിനെതിരെ അട്ടിമറി വിജയം നേടിയാണ് സോജൻ ജോസഫ് പാർലമെന്റിലെത്തിയത്.
പുതിയ കുടിയേറ്റ നയം വിദ്യാർഥികളെയും നഴ്സുമാരെയും ബാധിക്കില്ലെന്ന് സാജൻ ജോസഫ് വ്യക്തമാക്കുന്നു. മനോരമ ഓൺലൈനോട് സംസാരിക്കവെയാണ് അദ്ദേഹം ലേബർ പാർട്ടി സർക്കാർ അധികാരത്തിലെത്തുമ്പോൾ വരുന്ന മാറ്റങ്ങളെന്തെല്ലാം? ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാർ ഭയക്കേണ്ടതുണ്ടോ? എന്നീ ചോദ്യങ്ങൾക്ക് മറുപടി നല്കുന്നത്.
“കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങളുണ്ടായി. ആ രീതിയിൽ മാറ്റമൊന്നും വരുത്താൻ ലേബർ പാർട്ടി സർക്കാർ ഉദ്ദേശിക്കുന്നില്ല. വാസ്തവത്തിൽ ഇപ്പോഴുള്ളതിനേക്കാൾ മികച്ച സഹകരണം ഇന്ത്യയുമായി രൂപപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി കിയേർ സ്റ്റാമറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്,” സാജൻ വ്യക്തമാക്കുന്നു.
“സർക്കാരിന്റെ വിദേശനയങ്ങൾ രൂപപ്പെട്ടുവരുന്നതേയുള്ളൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. വീസാ നിയന്ത്രണങ്ങളെക്കുറിച്ചും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. പുതിയ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചിട്ടേയുള്ളൂ. നയങ്ങൾ രൂപപ്പെട്ടുവരേണ്ടതുണ്ട്. ഇന്ത്യയോടുള്ള നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നു തന്നെയാണ് കരുതുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“യുകെയെ സംബന്ധിച്ച് രണ്ടു രീതിയിലുള്ള കുടിയേറ്റം ആണ് നടക്കുന്നത്. ഒന്ന് നിയമപരമായ രീതിയിൽ ഇവിടേക്ക് വരുന്നതും. രണ്ടാമത് അനധികൃതമായി കുടിയേറുന്നതും. രണ്ടു കുടിയേറ്റങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി വളരെ കൂടിയ നിരക്കിലാണുള്ളത്. കുടിയേറ്റം കുറയ്ക്കുെമന്ന് വാഗ്ദാനം നൽകിയാണ് കൺസർവേറ്റീവ് പാർട്ടി ഭരണത്തിലേറിയതെങ്കിലും 14 വർഷത്തെ ഭരണത്തിനിടയ്ക്ക് അതു പാലിക്കാൻ അവർക്കായില്ല,” അദ്ദേഹം പറയുന്നു.
“നിയമപരമായ കുടിയേറ്റത്തിനും ഇപ്പോൾ അനുവദിച്ചിട്ടുള്ള എണ്ണത്തിൽ കാര്യമായ കുറവ് വരുത്താൻ തന്നെയാണ് പുതിയ സർക്കാരിന്റെ തീരുമാനം. എത്രയായി കുറയ്ക്കണം എന്നതിൽ തീരുമാനം ആകുന്നതേയുള്ളൂ. അത് ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരെയും ബാധിച്ചേക്കും. എന്നാൽ ആരോഗ്യം ഉൾപ്പെടെ യുകെയ്ക്ക് വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള മേഖലകളിലേക്ക് കുടിയേറ്റം അനുവദിക്കുന്നത് തുടരും. യുകെയ്ക്ക് എന്താണോ ആവശ്യം അതിന് അനുസരിച്ചാകും ഇത്,” സാജൻ ജോസഫ് വ്യക്തമാക്കി.
“നഴ്സിങ് മേഖലയിൽ ഇവിടെ എപ്പോഴും ഒഴിവുകളുണ്ട്. ഇന്ത്യയിൽ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നയങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നും വരാൻ പോകുന്നില്ല. നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) മെച്ചപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിലൊന്ന്. ചികിൽസയ്ക്കായി കാത്തുനിൽക്കുന്നവരുടെ എണ്ണം 75 ലക്ഷത്തോളമാണ്. ഇത് പരിഹരിക്കാൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം തീർച്ചയായും കൂട്ടേണ്ടി വരും. തദ്ദേശീയരെ പരിശീലനം നൽകി നിയമിക്കുകയാണോ വിദഗ്ധ തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുമോ തുടങ്ങിയ കാര്യങ്ങളിലെ തീരുമാനം വരേണ്ടതുണ്ട്. എന്തായാലും നഴ്സുമാർക്കുള്ള ഡിമാൻഡിൽ കുറവുണ്ടാകില്ല,” എന്നായിരുന്നു നഴ്സിംഗ് ഒഴിവുകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല