ഹീത്രൂ : കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി ഹീത്രൂവിലെ യുകെബിഎയുടെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലായിരുന്ന മലയാളി യുവാവ് മോചിതനായി. ഇയാളുടെ ഡീപോര്‍ട്ടേഷന്‍ താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടുളള ഓര്‍ഡര്‍ ഇന്നലെ രാവിലെയാണ് പുറത്തിറങ്ങിയത്. ഹാര്‍വാര്‍ഡിലെ താമസക്കാരനായിരുന്ന ഈ യുവാവിന്റെ കദനകഥ കഴിഞ്ഞദിവസം എന്‍ആര്‍ഐ മലയാളി പ്രസിദ്ധീകരിച്ചിരുന്നു.
എറെ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് വിംബ്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എ ആന്‍ഡ് എസ് ട്രയിനിംഗ് കോളേജില്‍ ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനായി ഈ യുവാവ് എത്തിയത്. കോളേജ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് പെരുവഴിയിലായ യുവാവിനെ യുകെബിഎ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അനധികൃതമായി പൂട്ടിയ കോളേജ് മറ്റൊരു പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിയമനടപടികളുമായി മുന്നോട്ട് പോകാതിരിക്കാന്‍ കോളേജ് അധികൃതര്‍ തന്നെയാണ് ഈ വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ യുകെബിഎയ്ക്ക് കൈമാറിയതെന്ന് കരുതുന്നു.
യുവാവ് അറസ്റ്റിലായ വിവരം അറിഞ്ഞ് കേംബ്രിഡ്ജ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിഐഎസ്എഫ് എന്ന സംഘടന സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിരുന്നു. യുകയിലെ വിദേശവിദ്യാര്‍്്ത്ഥികള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ് ഡിഐഎസ്എഫ് ജിബി. തടവിലായ യുവാവിന്റെ ഡീപ്പോര്‍ട്ടേഷന്‍ പിന്‍വലിക്കാനുളള നിയമസഹായം നല്‍കിയത് ലണ്ടനിലെ ഉന്നതരായ സോളിസിറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ഒരു നിയമ ഏജന്‍സിയാണ്.
കേസിന്റെ നടത്തിപ്പിനായി ആവശ്യമായി വന്ന ആയിരത്തിലേറെ പൗണ്ട് സമാഹരിക്കാനായി ഡിഐഎസ്എഫ് മുന്നിട്ടിറങ്ങിയിരുന്നു. യുവാവിന്റെ കഥ പുറത്ത് വന്നത് മുതല്‍ നിരവധി മലയാളി സുഹൃത്തുക്കള്‍ സഹായവുമായി മുന്നോട്ട് വന്നിരുന്നു. സഹായമെത്തിച്ച എല്ലാ ഉദാരമതികളോടും ഡിഐഎസ്എഫ് ജിബി നന്ദി അറിയിച്ചു.
കേസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ സാധിക്കുമെന്ന വി്ശ്വാസത്തിലാണ് ഈ യുവാവ്. യുകെയിലെത്തുന്ന നിരവധി വിദ്യാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കളളി വെളിച്ചത്ത് കൊണ്ടുവരാനുളള ശ്രമമാണ് ഇതെന്ന് ഡിഐഎസ്എഫ് ജിബി അറിയിച്ചു. ഈ വിജയം യുകെയിലുളള മലയാളികളുടെ വിജയമാണന്നും കേസിന്റെ മുന്നോട്ടുളള നടത്തിപ്പിന് മുഴുവന്‍ യുകെ മലയാളികളുടേയും പിന്തുണ ആവശ്യമാണന്നും ഡിഐഎസ്എഫ് നേതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല