സ്വന്തം ലേഖകന്‍: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടാന്‍ മലേഷ്യ പുതിയ നിയമം പാസക്കി. എന്നാല്‍ നിയമം പൗരാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 15 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഭേദഗതിയില്ലാതെയാണ് പാര്‍ലമെന്റ് തീവ്രവാദ നിരോധന ബില്‍ പാസാക്കിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം തടവിലിടാനും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ബില്‍ അധികാരം നല്‍കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉന്നയിച്ച ഭരണകക്ഷിയായ ബാരിസണ്‍ നാഷണല്‍(ബി.എന്‍) കൂട്ടുകക്ഷിയംഗങ്ങള്‍ പ്രതിപക്ഷത്തെ ശക്തമായി പ്രതിരോധിച്ചു.
ബില്ലിലെ ചില വ്യവസ്ഥകള്‍ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് പ്രതിപക്ഷം വാദിച്ചു. വിചാരണ കൂടാതെ രണ്ടു വര്‍ഷത്തോളം തടവിലിടുന്നതിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം വന്‍ ഭീഷണി നേരിടുന്ന യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ പോലും തടങ്കല്‍ കാലാവധി കുറവാണെന്ന് വ്യക്തമാക്കി.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതായി ആരോപിച്ച് 17 പേരെ ആറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ബില്‍ പാസാക്കിയത്. സിറിയയില്‍ നിന്ന് മടങ്ങിവന്ന രണ്ടുപേരടക്കം 17 പേരുടെ അറസ്റ്റ് വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള നിയമത്തിന്റെ പ്രസക്തിയാണെന്ന് ആഭ്യന്തരസഹമന്ത്രി വാന്‍ ജുനൈദി ജാഫര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മതിയായ വ്യവസ്ഥകള്‍ നിയമത്തിലുണ്ടെന്ന് ഭരണകക്ഷിയിലെ അംഗങ്ങള്‍ അവകാശപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല