സ്വന്തം ലേഖകന്‍: കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയക്കു വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മലേഷ്യ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു. മലേഷ്യയിലെ ക്വാലംലപൂര്‍ വിമാനത്താവളത്തില്‍വച്ച് വിഷ പ്രയോഗത്തില്‍ കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്കു വിട്ടുകൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനാണു കൊല്ലപ്പെട്ട കിം ജോങ് നാം.
ഉത്തര കൊറിയന്‍ ചാരസംഘടനയാണു കിം ജോങ് നാമിന്റെ കൊലപാതകത്തിനു പിന്നിലെന്ന് മലേഷ്യ ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോരാട്ടത്തിന് വഴി തെളിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ അടക്കം മൂന്ന് പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയായിരുന്നു മലേഷ്യയുടെ ആരോപണം. ഫെബ്രുവരി 13നാണ് ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തു വിഷം പൂശി കൊലപ്പെടുത്തിയത്.
നാമിന്റെ മുഖത്തുനിന്നും കണ്ണില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍ അതിമാരക വിഷമായ വിഎക്‌സിന്റെ അംശം കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ ചെക്കിന്‍ കൗണ്ടറിലേക്കു പോകുമ്പോഴാണു സ്ത്രീകള്‍ നാമിന്റെ പിന്നില്‍നിന്നു തലയിലും മുഖത്തും വിഷം പൂശിയത്. ഇതിനുശേഷം വിമാനത്താവളത്തിലെ ക്ലിനിക്കിലേക്കു നാം നടന്നുപോകുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നീട് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന വഴിയായിരുന്നു നാമിന്റെ മരണം.
ഇരു ഭരണകൂടങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നാമിന്റെ മൃതദേഹം കൈമാറുള്ള തീരുമാനം കൈക്കൊണ്ടത്. ഉത്തര കൊറിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് വ്യക്തമാക്കി.രാജ്യം വിടരുതെന്ന വിലക്ക് മറികടന്ന് ഉത്തര കൊറിയയില്‍ കഴിയുന്ന 9 പേരെ പകരം മലേഷ്യക്ക് കൈമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല