സ്വന്തം ലേഖകന്‍: മലേഷ്യന്‍ വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈല്‍ ഏറ്റാണെന്ന് സൂചന. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്17 തകര്‍ന്നുവീണത് കിഴക്കന്‍ യുക്രെയ്‌നില്‍ നിന്നുള്ള റഷ്യന്‍ മിസൈല്‍ ഏറ്റാണെന്ന് അന്വേഷണസംഘം സൂചന നല്‍കി. വിമാനം തകര്‍ന്നുവീണത് അന്വേഷിക്കുന്ന രാജ്യാന്തര വിദഗ്ധസംഘമാണ് സംഭവസ്ഥലത്തുനിന്നു ലഭിച്ച അവശിഷ്ടങ്ങള്‍ റഷ്യന്‍ മിസൈല്‍ സിസ്റ്റത്തില്‍നിന്നാകാന്‍ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തിയത്.
എന്നാല്‍, മിസൈല്‍ ഭാഗങ്ങളും വിമാനം തകര്‍ന്നതുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാറായിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. അവശിഷ്ടങ്ങള്‍ ഡച്ച് സേഫ്റ്റി ബോര്‍ഡിനു വിദഗ്ധ പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. എന്തുകൊണ്ടു വിമാനം തകര്‍ന്നുവെന്നുള്ള അന്തിമ റിപ്പോര്‍ട്ട് ഒക്ടോബറിലായിരിക്കും ബോര്‍ഡ് നല്‍കുക.
ആഭ്യന്തരയുദ്ധം രൂക്ഷമായ യുക്രെയ്‌നു മുകളിലൂടെ പറക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം ജൂലൈ 17 നാണ് മലേഷ്യന്‍ വിമാനം തകര്‍ന്നുവീണത്. 288 പേര്‍ മരിച്ചു. റഷ്യന്‍ അനുകൂല വിമതരാണ് വിമാനം വെടിവച്ചിട്ടതെന്നു യുക്രെയ്ന്‍ ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളും ആരോപിക്കുമ്പോള്‍ റഷ്യയുടെ നിലപാട് യുക്രെയ്ന്‍ സൈന്യമാണ് ദുരന്തത്തിനു പിന്നിലെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല