സ്വന്തം ലേഖകന്‍: മലേഷ്യന്‍ യാത്രാവിമാനമായ എംഎച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈലാണെന്ന് രാജ്യാന്തര അന്വേഷണ സംഘം. നെതര്‍ലന്‍ഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് റഷ്യയുടെ മിസൈല്‍ ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നതെന്ന് പറയുന്നത്.
റഷ്യന്‍ വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് വിമാനത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതെന്നും അന്വേഷണ സംഘത്തലവന്‍ വില്‍ബര്‍ട്ട് പോളിസണ്‍ പറയുന്നു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. റഷ്യന്‍ വിമതര്‍ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് അപകടം നടന്നത്. വിമാനം തകര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം പൂര്‍ത്തിയായി വിവരങ്ങള്‍ പുറത്ത് വിടുന്നത്.
2014 ജൂലൈ 17നാണ് മലേഷ്യന്‍ വിമാനം യുക്രെയ്‌നു മുകളിലൂടെ പറക്കുമ്പോള്‍ മിസൈലേറ്റു തകര്‍ന്ന് 298 പേര്‍ മരിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ പോരാടുന്ന വിമതരാണു സംഭവത്തിന്റെ പിന്നിലെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ അന്നു മുതല്‍ക്കേ ആരോപിച്ചിരുന്നു. എന്നാല്‍, യുക്രെയ്ന്‍ സൈന്യമാണ് ഉത്തരവാദികളെന്നാണ് റഷ്യയുടെ നിലപാട്.
ഉത്തരവാദികളായ വ്യക്തികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏകദേശം നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഘം വ്യക്തമാക്കി. വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാന്‍ രാജ്യാന്തര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാല്‍ പ്രോസിക്യൂഷന്‍ സംഘത്തിന്റെ കണ്ടെത്തലിനു വലിയ പ്രസക്തിയില്ല. മാത്രമല്ല പതിവുപോലെ റഷ്യ ആരോപണം നിഷേധിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല