സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു, അപകടത്തിന്റെ ദുരൂഹത തുടരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകട നിഗൂഢത!യായി മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാന അപകടം തുടരുമെന്ന് ഇതോടെ ഉറപ്പായി. മലേഷ്യന്‍ 370 വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴക്കടലില്‍ നടത്തിയ അന്വേഷണവും ഫലം കാണാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഏകദേശം മൂന്ന് വര്‍ഷം മുമ്പ് കാണാതായ വിമാനത്തിന്റെ ചെറിയ അവശിഷ്ടം പോലും കണ്ടെത്താനാകാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. പടിഞ്ഞാറന്‍ ആസ്‌ട്രേലിയയില്‍ 46,000 മൈല്‍ ദൂരം തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കുന്നു എന്നുമാണ് ജോയിന്റ് ഏജന്‍സി കോഡിനേഷന്‍ സെന്റര്‍ ഔദ്യോഗികമായി അറിയിച്ചത്. ഓസ്‌ട്രേലിയ, മലേഷ്യന്‍, ചൈനീസ് സര്‍ക്കാരുകള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയിരുന്നത്.
2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാര്‍ച്ച് 8നാണ് കാണാതായത്. യാത്രക്കാരില്‍ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണിരിക്കാമെന്ന അനുമാനത്തിലായിരുന്നു തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍. ആഴക്കടലില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്താണു തിരച്ചില്‍ നടന്നത്. ഇതിനു വടക്കോട്ടു മാറിയുള്ള 25,000 ചതുരശ്ര കിലോമീറ്റര്‍ മേഖല കൂടി തിരയണമെന്ന് അന്വേഷണസംഘം നിര്‍ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും തല്‍ക്കാലം തിരച്ചില്‍ നിര്‍ത്താനായിരുന്നു തീരുമാനം.
വിമാനം എംഎച്ച് 370, മിനിറ്റില്‍ 25000 അടി വേഗത്തില്‍ (മണിക്കൂറില്‍ 457.2 കിലോമീറ്റര്‍) കടലില്‍ പതിച്ചിരിക്കാമെന്ന് ഓസ്‌ടേലിയന്‍ ട്രാന്‍സ്‌പോര്‍ട് സേഫ്റ്റി ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അന്ത്യ നിമിഷങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. കണ്ടെടുത്ത വിമാനഭാഗങ്ങളില്‍ വിമാനത്തിന്റെ വലതു ചിറക് പരിശോധിച്ചപ്പോഴാണ് ലാന്‍ഡിങ്ങിനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നു വ്യക്തമായത്. അവസാന നിമിഷങ്ങളില്‍ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തില്‍ അല്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല