സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ രണ്ടു അവശിഷ്ടങ്ങള്‍ മൊസാംബിക്ക് തീരത്ത് കണ്ടെത്തി. മൊസാംബിക് തീരത്തു കണ്ടെത്തിയ രണ്ടു വിമാന ഭാഗങ്ങള്‍ രണ്ടു വര്‍ഷം മുമ്പു കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് ഓസ്‌ട്രേലിയയും മലേഷ്യയും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തിലാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ആഴ്ചയാണ് വിമാനത്തിന്റേതെന്നു കരുതുന്ന രണ്ടു ലോഹഭാഗങ്ങള്‍ മൊസാംബിക് തീരത്തു നിന്നു ലഭിച്ചത്. ചാരനിറമുള്ള ഒരു കഷണത്തില്‍ ‘നോ സ്‌റ്റെപ്പ്’ (ചവിട്ടരുത്) എന്ന് എഴുതിയിട്ടുണ്ട്. ഇത് മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിങ് 777 വിമാനത്തിന്റേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയന്‍ ഗതാഗതമന്ത്രി ഡാരന്‍ ചെസ്റ്റര്‍ പറഞ്ഞു.
കടലില്‍ പതിച്ച വിമാനം ഒഴുക്കില്‍പ്പെട്ടാല്‍ പോകാനിടയുള്ള ദിശാവിശകലനവും ഇത് കാണാതായ എംഎച്ച്370യുടേതാണെന്ന പ്രതീക്ഷ നല്‍കുന്നു. നേരത്തേ റീയൂണിയന്‍ ദ്വീപില്‍ നിന്നു ലഭിച്ച വിമാനാവശിഷ്ടം ഈ വിമാനത്തിന്റേതാണെന്നു സ്ഥിരീകരിച്ചിരുന്നു. മൊസാംബിക്കില്‍ ലഭിച്ച ലോഹഭാഗങ്ങളുടെ വലിപ്പവും നിര്‍മാണരീതിയും ബോയിങ് 777 വിമാനത്തിന്റേതാണെന്നും പെയിന്റും അടയാളപ്പെടുത്തലുകളും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ശൈലിയിലുള്ളതാണെന്നും മലേഷ്യന്‍ ഗതാഗതമന്ത്രി ല്യു ത്യോങ്‌ലായി അറിയിച്ചു.
2014 മാര്‍ച്ച് എട്ടിനു കുലാലംപുരില്‍ നിന്നു ബെയ്ജിങ്ങിലേക്കു പറന്നുയര്‍ന്ന വിമാനം 239 യാത്രക്കാരുമായി റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്നു കരുതുന്ന വിമാനത്തിനു വേണ്ടി അത്യാധുനിക സംവിധാനങ്ങളുമായി ലോക രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി നടത്തിയ തെരച്ചില്‍ ലക്ഷ്യം കണ്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല