സ്വന്തം ലേഖകന്‍: ടാന്‍സാനിയയില്‍ കണ്ടെത്തിയ വിമാന അവശിഷ്ടങ്ങള്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച് 370 ന്റേത്. വിമാന അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റേതാണെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് തായ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണിലാണ് ടാന്‍സാനിയയില്‍ നിന്നും വിമാന അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി എംഎച്ച് 370 ബോയിംഗ് വിമാനം അപ്രത്യക്ഷമായത്. 2015 ജൂലൈയില്‍ വിമാനത്തിന്റെ ചെറിയ ഒരു ഭാഗം ഫ്രാന്‍സിന്റെ അധീനതയിലുള്ള റീയൂണിയന്‍ ദ്വീപില്‍നിന്നു കണ്ടുകിട്ടിയിരുന്നു. രണ്ടര വര്‍ഷം നീണ്ട അന്വേഷണത്തിനും അനിശ്ചിതത്വത്തിനുമാണ് ഇതോടെ വിരാമമാകുന്നത്.
ടാന്‍സാനിയന്‍ തീരത്തെ പെമ്പ ദ്വീപിനു സമീപത്തു നിന്നു കിട്ടിയ വിമാന ഭാഗങ്ങള്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മലേഷ്യന്‍ വിമാനത്തിന്റേത് ആണെന്നു വ്യക്തമായത്. എംഎച്ച് 370 എന്നറിയപ്പെട്ടിരുന്ന 9 എം എംആര്‍ഒ വിമാനം തകര്‍ന്നെന്നു ഇതോടെ വ്യക്തമായി.
ഈ വിമാനഭാഗങ്ങളില്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്. എന്താണു വിമാനത്തിനു സംഭവിച്ചതെന്ന കാര്യത്തില്‍ ഈ പരിശോധനകള്‍ വെളിച്ചം വീശുമെന്നാണു മലേഷ്യയുടെ പ്രതീക്ഷ. ക്വാലംലംപൂരില്‍നിന്നു പറന്നുയര്‍ന്ന വിമാനം പാതിവഴിയില്‍ അപ്രത്യക്ഷമായതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടക്കം തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്തിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല