സ്വന്തം ലേഖകൻ: മലയാളികളുടെ ഇഷ്ട ഭക്ഷണമായ പപ്പടമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരമായി കൊണ്ടിരിക്കുന്നത്. നമ്മുടെ പപ്പടം അങ്ങ് മലേഷ്യക്കാര്‍ക്കിടയിലെ ഇഷ്ടവിഭവമായിരിക്കുകയാണ്. പക്ഷേ, പപ്പടം എന്നുപറഞ്ഞു ചെന്നാൽ സംഭവം കിട്ടില്ല, പപ്പടത്തിനെ അടിമുടി പരിഷ്കരിച്ച് ‘ഏഷ്യൻ നാച്ചോസ് ‘ എന്ന പേരിലാണ് മലേഷ്യയിലെ വിതരണം.
കോലാലംമ്പൂരിലെ ഒരു ഹോട്ടലിലാണ് 500 രൂപയ്ക്ക് ഏഷ്യൻ നാച്ചോസ് എന്ന പേരിൽ പപ്പടം വിതരണം ചെയ്യുന്നത്. സാമന്ത എന്ന വ്യക്തിയാണ് തന്റെ ട്വിറ്ററിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്’ എന്ന പേരിലാണ് സാമന്ത പപ്പടത്തിന്റെ ദൃശ്യം പങ്കുവെച്ചത്. ഏഷ്യൻ നാച്ചോസ് എന്ന പേരില്‍ പപ്പടത്തിനൊപ്പം അവോക്കാഡോയും ടാമറിൻഡ് സൽസയും ക്രിസ്പി ഷല്ലോട്സും ചേർത്താണ് പപ്പടം വിളമ്പുന്നത്.
ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ പല തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പേര് മാറ്റത്തിനെതിരെയും വിലയെ പറ്റിയുമെല്ലാം വ്യാപക പ്രതിഷേധമാണ് പലരും ഉന്നയിക്കുന്നത്. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന പപ്പടത്തിന് എന്തിന് ഇത്രയും വിലയെന്നാണ് പലർക്കും അറിയാത്തത്. ഒന്നു കടൽ കടന്നപ്പോഴേക്ക് പപ്പടത്തിനുണ്ടായ മാറ്റം ഞെട്ടിക്കുന്നതാണെന്നും ചിലർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല