സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മുന്‍ പ്രസിഡന്റ്; എതിര്‍പ്പുമായി ചൈന രംഗത്ത്. മാലദ്വീപില്‍നിന്നു പലായനം ചെയ്തു നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയിരിക്കുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപിലേക്ക് അയയ്ക്കണമെന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നതായിരിക്കും സൈനിക ഇടപെടലെന്ന വിമര്‍ശനവുമായി ചൈന രംഗത്തെത്തുകയായിരുന്നു.
പ്രസിഡന്റ് അബ്ദുല്ല യമീന്‍ തടവിലാക്കി വച്ചിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദിനെയും ജഡ്ജിമാരെയും മറ്റു രാഷ്ട്രീയ തടവുകാരെയും വിട്ടുകിട്ടാനായി അതുമാത്രമാണു പോംവഴിയെന്നും നഷീദ് പറഞ്ഞു. ജഡ്ജിമാരിലൊരാളായ അലി ഹമീദിനെ ജയിലില്‍ മോശം രീതിയിലാണു കൈകാര്യം ചെയ്യുന്നതെന്നും നഷീദ് ആരോപിച്ചു. എന്നാല്‍ മാലദ്വീപിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഒരു രാജ്യത്തിനും ഇടപെടാന്‍ അനുവാദമില്ലെന്നും നിലവിലെ സാഹചര്യത്തെ വഷളാക്കുന്ന തരത്തിലുള്ള നടപടികള്‍ പാടില്ലെന്നുമാണ് ഇന്ത്യയുടെ ഇടപെടലിനെപ്പറ്റി ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്.
അതേസമയം, മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് ഒട്ടേറെ പൗരന്മാരോടു ചൈന ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനിടെ, ഭരണത്തിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണു യമീന്‍ പറയുന്നത്. മാലദ്വീപിലെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ടു ജഡ്ജിമാരെ അറസ്റ്റു ചെയ്തതിനു പിന്നാലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല