സ്വന്തം ലേഖകന്‍: മാലദ്വീപില്‍ ഭരണ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറസ്റ്റില്‍. പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദും അലി ഹമീദ് എന്ന ജഡ്ജിയും അറസ്റ്റിലായത്. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഭരണം അട്ടിമറിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നും ഇത് അന്വേഷിച്ച് കണ്ടെത്തുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും പ്രസിഡന്റ് യമീന്‍ ടെലിവിഷനില്‍ രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍ പറഞ്ഞു. ഇതേസമയം, ഒന്‍പതു പ്രതിപക്ഷ നേതാക്കളെ വിട്ടയയ്ക്കണമെന്ന ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം, ഇന്ത്യ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഗയൂം വീട്ടുതടങ്കലിലാണ്. അയല്‍രാജ്യത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യ, പൗരന്മാരോടു മാലദ്വീപിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ സൈനിക സന്നാഹത്തോടെ പ്രതിനിധിയെ അയച്ച് അറസ്റ്റിലായ ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നു നഷീദിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഇന്ത്യന്‍ അംബാസഡറെ ഫോണില്‍ വിളിച്ചു സഹായം തേടിയിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നഷീദ് 2012ല്‍ പുറത്താക്കപ്പെട്ടതിനു ശേഷമാണ് മാലദ്വീപ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല