1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2024

സ്വന്തം ലേഖകൻ: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് പാർലമെൻ്റിൽ ഭൂരിപക്ഷമുള്ള പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)യാണ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനായി ആവശ്യമായ ഒപ്പുകൾ എംഡിപി ശേഖരിച്ചതായി മാലദ്വീപ് പ്രാദേശിക മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തു.

മുഹമ്മദ് മുയിസുവിന്റെ മന്ത്രി സഭയിലെ നാല് അംഗങ്ങളുടെ അംഗീകാരത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സർക്കാർ അനുകൂല എംപിമാരും പ്രതിപക്ഷ നിയമസഭാംഗങ്ങളും തമ്മിൽ ഞായറാഴ്ച പാർലമെൻ്റിൽ സംഘർഷമുണ്ടായതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ. തിങ്കളാഴ്ച നടന്ന എംഡിപിയുടെ പാർലമെൻ്ററി ഗ്രൂപ്പ് യോഗത്തിൽ ഇംപീച്ച്‌മെൻ്റ് പ്രമേയം സമർപ്പിക്കാനുള്ള തീരുമാനമെടുത്തതായി ദി എഡിഷൻ ഡോട്ട് എംവി റിപ്പോർട്ട് ചെയ്തു. പ്രമേയത്തിന് എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 34 അംഗങ്ങൾ പിന്തുണ നൽകിയതായാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലദ്വീപിലെ രീതി. കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്‌സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല. മൊയിസു മന്ത്രിമാരാക്കിയ നാലു പേരെ അംഗീകരിക്കില്ലെന്ന് പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് സ്വീകരിച്ചതാണ് ഞായറാഴ്ച നടന്ന സംഘർഷങ്ങൾക്ക് പിന്നിലെ കാരണം.

മുയിസു സർക്കാരിനുള്ള പാർലമെൻ്റിൻ്റെ അംഗീകാരം സംബന്ധിച്ച ഒരു പ്രധാന വോട്ടെടുപ്പ് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു. ഞായറാഴ്ച രാവിലെ, ഭരണപക്ഷ എംപിമാർ പാർലമെൻ്റിൻ്റെയും സ്പീക്കർമാരുടെയും നടപടികൾ തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് മാലദ്വീപ് പാർലമെന്റിൽ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ വോട്ടെടുപ്പ് തടയാൻ ശ്രമിച്ചതാണ് കാരണം.

പാർലമെന്റ് അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലാണ് ഒടുവിൽ പ്രക്ഷോഭങ്ങൾ അവസാനിച്ചത്. എംഡിപി എംപി ഈസയും പിഎൻസി എംപി അബ്ദുല്ല ഷഹീം അബ്ദുൾ ഹക്കീമും കഴുത്തിൽ ചവിട്ടുന്നതും മുടി പിടിച്ച് വലിക്കുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ പാർലമെൻറിൽ നിന്ന് പുറത്ത് വന്നിരുന്നു. പരുക്കേറ്റ ഒരു പാർലമെൻ്റ് അംഗത്തെ ആംബുലൻസിൽ കൊണ്ടുവന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഭരണസഖ്യത്തിലെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി), പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് ( എംഡിപി) പാര്‍ട്ടികളുടെ എംപിമാരും പ്രതിപക്ഷത്തുള്ള മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) എംപിമാരുമാണ് ഏറ്റുമുട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.