ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ കോടതി 13 വര്‍ഷം തടവിന് ശിക്ഷിച്ചു. 2012 ല്‍ നഷീദ് അധികാരത്തിലിരുന്ന കാലത്ത് ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട കേസിലാണ് ഇപ്പോല്‍ കോടതി വിധി പ്രസ്താവിച്ചത്.
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപ സമൂഹമായ മാലി ദ്വീപിലെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണാധികാരിയായിരുന്നു നഷീദ്. 2012 ല്‍ ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതോടെ നഷീദിന്റെ സ്ഥാനം തെറിക്കുകയായിരുന്നു.
ജഡ്ജി അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്യാനും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനും നഷീദ് ഉത്തരവിട്ടുവെന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു. എന്നാല്‍ കോടതി വിധി അംഗീകരിക്കുന്നില്ലെന്ന് നഷീദിനെ പിന്തുണക്കുന്നവര്‍ വ്യക്തമാക്കി.
നഷീദ് 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുക എന്ന രാഷ്ട്രീയ ഉദ്ദേശമാണ് വിധിക്കു പിന്നിലെന്ന് നഷീദ് അനുകൂലികള്‍ ആരോപിച്ചു. നഷീദിന് മതിയായ അഭിഭാഷക സഹായവും അപ്പീലിനുള്ള അവസരവും നിഷേധിക്കുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു.
മാലി ദ്വീപിലെ നിയമ സംവിധാനം കഴിവു കെട്ടതും അടിമുടി അഴിമതിയില്‍ മുങ്ങിയതുമാണെന്ന് നഷീദ് പ്രതികരിച്ചു. അതേസമയം ജനാധിപത്യം 13 വര്‍ഷത്തേക്ക് ജയിലില്‍ അടക്കപ്പെട്ടു എന്ന് നഷീദിന്റെ പാര്‍ട്ടിയായ എംഡിപി അഭിപ്രായപ്പെട്ടു.
ജഡ്കിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കേസില്‍ കഴിഞ്ഞ മാസം നഷീദിനെ കുറ്റ വിമുക്തനാക്കിയതാണ്. തുടര്‍ന്നാണ് പ്രൊസിക്യൂട്ടര്‍ ജനറല്‍ കേസ് വീണ്ടും തുറക്കുകയും പുനര്‍ വിചാരണയില്‍ ഭീകര പ്രവര്‍ത്തന കുറ്റം ചുമത്തി നഷീദിനെ ജയിലില്‍ അടക്കുകയും ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല