സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് മാലിദ്വീപ്. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹമ്മദ് സോലിഹാണ് പടിയിറങ്ങുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിനാണ് മാലിദ്വീപ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.
വൈകീട്ട് 5.30ന് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ മുയിസു ശക്തമായ ആധിപത്യം നേടി. നിലവിലെ പ്രസിഡന്റായിരുന്ന മുഹമ്മദ് സോലിഹ് പിന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസിക്ക് 53% വോട്ടും സോലിഹിന് 46% വോട്ടുമാണ് ലഭിച്ചിരുന്നത്.
തലസ്ഥാന നഗരമായ മാലിയിലെ മേയറായി പ്രവർത്തിച്ചിരുന്ന മുയിസു പ്രിതപക്ഷ സഖ്യമായ പിപിഎം-പിഎൻസിയുടെ സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ പ്രസിഡന്റ് അബ്ദുള്ള യമീനാണ് സ്ഥാനാർത്ഥിയാകേണ്ടിയിരുന്നത്. എന്നാൽ കൈക്കൂലിക്കേസിലും സാമ്പത്തിക തട്ടിപ്പുകേസിലും ശിക്ഷിക്കപ്പെട്ടതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്തതിനാലാണ് മുയിസുവിനെ സ്ഥാനാർത്ഥിയാക്കിയത്.
മാലിദ്വീപ് പ്രസിഡന്റായിരുന്ന മുഹമ്മദ് സോലിഹും ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. 2018 ൽ മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. മാലിദ്വീപിലേക്ക് ചൈനീസ് സ്വാധീനം പടരാൻ സഹായിച്ച പ്രസിഡന്റ് യമീന്റെ നടപടികൾക്ക് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു മുഹമ്മദ് സോലിഹിന്റെ കടന്നുവരവ്.
നിലവിൽ ഭരണം നേടിയ പിപിഎം-പിഎൻസി സഖ്യമാകട്ടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിൽ ഉൾപ്പെടെ ആസൂത്രണം ചെയ്തിരുന്നു. മീലിദ്വീപിൽ നിന്ന് ഇന്ത്യൻ ട്രൂപ്പിനെ തുരത്താനായിരുന്നു ഇത്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആയുധമാക്കിയതും പ്രസിഡന്റ് സോലിഹിന്റെ ഇന്ത്യ അനുകൂല നിലപാടുകളായിരുന്നു. അതിൽ എടുത്ത് പറയേണ്ടത് ഇന്ത്യൻ മഹാസമുദ്ര ദ്വീപിൽ ഇന്ത്യൻ ട്രൂപ്പിന് അനുമതി നൽകിയ സോലിഹിന്റെ നടപടിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല