സ്വന്തം ലേഖകൻ: ഇന്ത്യ-മാലദ്വീപ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് അനുവാദംക്കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രസിഡന്റായശേഷമുള്ള ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് ചൈനയില്‍ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് മുയിസു പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യന്‍ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മുയിസുവിന്റെ സന്ദര്‍ശനവേളയില്‍ ചൈനയും മാലദ്വീപുംതമ്മില്‍ ഇരുപതോളം കരാറുകളിലാണ് ഒപ്പുവെച്ചത്. ദ്വീപിന് 130 മില്യന്‍
ഡോളറിന്റെ സാമ്പത്തിക സഹായവും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം തുകയും റോഡുകളുടെ പുനരുദ്ധാരണത്തിനാണ് വിനിയോഗിക്കുക.
അതേസമയം, കഴിഞ്ഞയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപിലെ മൂന്നുമന്ത്രിമാര്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. മന്ത്രിമാരെ സസ്‌പെന്റുചെയ്‌തെങ്കിലും ഇന്ത്യ-മാലദ്വീപ് ബന്ധത്തില്‍ വലിയവിള്ളലാണ് ഇതുണ്ടാക്കിയത്. മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരയാത്രകള്‍ റദ്ദാക്കപ്പെട്ടു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രമുഖരും മാലദ്വീപ് മന്ത്രിമാരുടെ മോശം പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല