സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി; സര്‍ക്കാരും സുപ്രീം കോടതിയും നേര്‍ക്കുനേര്‍, പ്രസിഡന്റിനെ പുറത്താക്കാന്‍ സുപ്രീം കോടതി. രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസ്സമ്മതിച്ചതോടെ പ്രസിഡന്റ് അബ്ദുല്ല യമീനിനെ കുറ്റവിചാരണ ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാന്‍ സുപ്രീം കോടതി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റ് അബ്ദുല്ല യമീനിനെ കുറ്റവിചാരണ ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സുപ്രീം കോടതി ഉത്തരവിട്ടാല്‍ അതു തടയുമെന്ന് മാലദ്വീപ് ഭരണകൂടം. കുറ്റവിചാരണയ്‌ക്കോ അറസ്റ്റിനോ കോടതി ഉത്തരവിട്ടാല്‍ അത് അവഗണിക്കാന്‍ യമീനിനെ അനുകൂലിക്കുന്ന അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ നിര്‍ദേശം നല്‍കി.
പ്രസിഡന്റ് അബ്ദുള്ള യാമീനും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനിടെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരം വളഞ്ഞ സുരക്ഷാസേന രണ്ട് പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്തു. കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ കോടതി ഉത്തരവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൈനികനടപടി.
ഒന്‍പതു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 വിമത എംപിമാരെ തിരിച്ചെടുക്കാനും കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ തടവുകാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. 12 എംപിമാരെ തിരിച്ചെടുത്താല്‍ ഭരണകക്ഷിക്കു ഭൂരിപക്ഷം നഷ്ടമാകുകയും കുറ്റവിചാരണയ്ക്ക് സാഹചര്യമുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ ഇന്നു തുടങ്ങേണ്ട പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതമായി നീട്ടിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായിരുന്നു. വേണമെങ്കില്‍, നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്നാണ് യമീന്റെ നിലപാട്.
പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീംകോടതിയുടെ ഏത് ഉത്തരവും ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ ടിവി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. യുഎസ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും കോടതി ഉത്തരവ് നടപ്പാക്കാന്‍ മാലദ്വീപ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല