സ്വന്തം ലേഖകന്‍: മാലെ ദ്വീപില്‍ വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം. പ്രകടനക്കാരും പോലീസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവടക്കം 192 പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രസിഡന്റ് യാമീന്‍ അബ്ദുള്‍ ഗയൂം രാജിവെക്കണമെന്നും തടവിലാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
മാലെ ദ്വീപ് തലസ്ഥാനത്ത് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. നഷീദിനെ തടവിലാക്കിയ സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് മാലിയിലെ സൈനിക ആസ്ഥാനത്തിന് കാവല്‍നിന്ന പോലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ഇസ്‌ലാമിക് കണ്‍സര്‍വേറ്റീവ് അദാലത്ത് (ജസ്റ്റിസ് പാര്‍ട്ടി) നേതാവ് ഷെയ്ഖ് ഇമ്രാനാണ് അറസ്റ്റിലായത്. കണ്ണീര്‍വാതകം പ്രയോഗിച്ച് പ്രക്ഷോഭകരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് 192 പേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷെയിഖ് ഇമ്രാന്‍ അക്രമ സമരം നടത്തുന്നതെന്ന് പോലീസ് ആരോപിച്ചു.
അധികാരത്തിലിരിക്കെ മുതിര്‍ന്ന ജഡ്ജിയെ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ട കേസിലാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് തടവുശിക്ഷ അനുഭവിക്കുന്നത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് കോടതി അദ്ദേഹത്തിന് 13 വര്‍ഷം തടവുശിക്ഷ വിധിച്ചത്. നഷീദിനെ തടവിലാക്കിയത് ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല