സ്വന്തം ലേഖകന്‍: മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാരുള്‍പ്പെടെ 143 ബന്ദികളെ മോചിപ്പിച്ചു. മാലിയിലെ ഡിസ്സണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന തീവ്രവാദി ആക്രമണത്തിലാണ് 170 പേരെ ബന്ദികളാക്കിയത്. 40 ആളുകളെയും 30 ഹോട്ടല്‍ ജീവനക്കാരേയും രണ്ടു പേര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ ബന്ദികളാക്കിയതായി ഹോട്ടലുടമ വെളിപ്പെടുത്തി.
സുരക്ഷാ സേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. മാലിയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ഉടമസ്ഥതയിലുള്ള ഹോട്ടലാണ് റാഡിസ്സണ്‍ ബ്ലൂ. പാരിസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ നടുക്കം മാറും മുമ്പേയാണ് ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയിലെ ഭീകരാക്രമണം.
തലസ്ഥാനമായ ബമാക്കോയിലെ ആഡംബര ഹോട്ടല്‍ ആക്രമിച്ച ഭീകരരെ തുരത്താന്‍ മാലി പട്ടാളത്തിന്റെയും യു.എന്‍. സമാധാന സംഘത്തിന്റെയും നേതൃത്വത്തില്‍ രാത്രി വൈകിയും പോരാട്ടം തുടരുകയാണ്. ബന്ദികളെ മോചിപ്പിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ഫ്രഞ്ച് കമാന്‍ഡോകളും ബമാക്കോയിത്തെിയിട്ടുണ്ട്.
മരിച്ചവരില്‍ രണ്ടുപേര്‍ മാലിക്കാരാണ്. ഒരാള്‍ ഫ്രഞ്ച് പൗരനും. മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ ഹോട്ടല്‍ ശൃംഖലയായ റാഡിസന്‍ ബ്ലൂവില്‍ വെള്ളിയാഴ്ച പ്രാദേശിക സമയംരാവിലെ ഏഴുമണിയോടെയാണ് ഭീകരര്‍ എത്തിയത്. നയതന്ത്ര പ്രതിനിധികളെന്ന വ്യാജേനയാണ് ഇവര്‍ ഹോട്ടലിലേക്ക് കടന്നത്.
‘അല്ലാഹു അക്ബര്‍’, ദൈവം മഹാനാണ് എന്നിങ്ങനെ വിളിച്ചുപറഞ്ഞ് തലങ്ങും വിലങ്ങും വെടിവെച്ച ഇവര്‍, ഹോട്ടലിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ടുമുതല്‍ അഞ്ചുപേര്‍ വരെ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ ഏത് ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമല്ല.
190 മുറികളുള്ള ഹോട്ടലിന്റെ ഏഴാമത്തെ നിലയില്‍ എത്തിയ സംഘം, താമസക്കാരെ മുറിയില്‍ പൂട്ടിയിട്ടു. 140 അതിഥികളും 30 ജീവനക്കാരുമാണ് ഹോട്ടലിലുണ്ടായിരുന്നത്. തുര്‍ക്കി എയര്‍ലൈന്‍സിലെ മൂന്ന് ജീവനക്കാരടക്കം ചിലര്‍ ഇതിനിടെ രക്ഷപ്പെട്ടു. പ്രമുഖ ഗ്വിനിയന്‍ ഗായകന്‍ സെക്കൂബ ബാംബിനോയും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഖുര്‍ ആന്‍ വാചകങ്ങള്‍ ഉദ്ധരിച്ച ചിലരെയും ഭീകരര്‍ വെറുതെ വിട്ടു. സൈനിക നടപടിക്കിടെ രണ്ട് പട്ടാളക്കാര്‍ക്ക് വെടിയേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് മാലി ആഭ്യന്തരമന്ത്രി സെയ്ഫ് ട്രാവോര്‍ പറഞ്ഞു.
ഹോട്ടലിനുള്ളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ്. ചൈനയില്‍ നിന്നുള്ള 10 പേരും ബന്ദികളായവരില്‍പ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല