സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകളിലെ ആക്ഷൻ നിർവഹിച്ച ലീ വിറ്റേക്കർ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്.
ടേക്ക് ഓഫ് കണ്ട ശേഷം മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വിറ്റേക്കർ മാലിക്കിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ക്യാച്ചിങ് ഫയർഫ്ലൈസ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ വിറ്റാക്കർ ക്യാപ്റ്റൻ മാർവെൽ, എക്‌സ് മാൻ: അപോളജൈസ്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 5 തുടങ്ങി ഹോളിവുഡിലെ ആക്ഷൻ ത്രില്ലറുകൾക്ക് ആക്ഷൻ കൊറിയോഗ്രഫി ചെയ്തു. സൈറാനരസിംഹ റെഡ്ഡി, തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ, വിശ്വരൂപം1, 2, ബാഹുബലി 1, 2, ലിംഗ, ആരംഭം തുടങ്ങിയവയാണ് ലീ വിറ്റേക്കർ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത പ്രധാന ഇന്ത്യൻ സിനിമകൾ.
25 കോടി ബജറ്റിലൊരുങ്ങുന്ന മാലിക് നിർമിക്കുന്നത് ആന്റോ ജോസഫാണ്. വിഷുവിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, നിമിഷ സജയൻ, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ലീ വിറ്റേക്കർ അജിത്തിനെയും വിജയ്‌യെയും ഒന്നിപ്പിച്ച് ചിത്രമൊരുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല