സ്വന്തം ലേഖകന്‍: പ്രശസ്ത ഇന്ത്യന്‍ മലകയറ്റക്കാരനായ മല്ലി മസ്താന്‍ ബാബുവിനെ അര്‍ജന്റീനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ ആന്‍ഡസ് കൊടുമുടി കയറുന്നതിനിടയിലാണ് മസ്താന് അപകടം സംഭവിച്ചെതെന്ന് കരുതുന്നു.
കഴിഞ്ഞ മാര്‍ച്ച് 24 ന് കൊടുമുടി കീഴ്ടടക്കാനുള്ള ശ്രമത്തിനിടെ നാല്പതുകാരനായ മസ്താനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ആന്‍ഡസിന്റെ അര്‍ജന്റീനിയന്‍ ഭാഗങ്ങളില്‍ മസ്താനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും അപകടം നടന്നതിന്റെ സൂചനകളൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല.
ആന്ധ്രാപ്രദേശ് സ്വദേശിയായ മസ്താന്‍ അര്‍ജന്റീനയിലെ ബേസ് ക്യാമ്പിലെത്തിയ ശേഷം അവിടെ നിന്നും തനിച്ചാണ് കൊടുമുടിയിലേക്ക് പോയത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചായിരുന്നു മസ്താന്റെ യാത്ര. മലകയറ്റം പൂര്‍ത്തിയാക്കി 25 നാണ് അദ്ദേഹം മടങ്ങി എത്തേണ്ടിയിരുന്നത്. പ്രതികൂല കാലാവസ്ഥ മൂലം അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചതാണെന്ന് കരുതുന്നു.
ഏഴ് ഭൂഖണ്ഡങ്ങളിലുമുള്ള കൊടുമുടികള്‍ 172 ദിവസങ്ങള്‍ കൊണ്ട് കയറിയതിന്റെ ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ ഉള്ളയാളാണ് മസ്താന്‍. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ വിന്‍സണ്‍ മാസിഫ് കീഴടക്കുന്ന ആദ്യ ഇന്ത്യാക്കാരനും എവറസ്റ്റ് കൊടുമുടി കീഴ്ടടക്കുന്ന ആന്ധ്രയില്‍ നിന്നുള്ള ആദ്യ ഇന്ത്യാക്കാരനും കൂടിയായിരുന്നു മസ്താന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല