സ്വന്തം ലേഖകന്‍: ബോളിവുഡ് താരം മല്ലികാ ഷെരവാത്തിന് പാരീസില്‍ കണ്ണീര്‍ വാതക പ്രയോഗവും മര്‍ദ്ദനവും. നേരത്തെ ഹോളിവുഡ് താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ട അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്ത് മല്ലികയും കാമുകനും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് മുഖമ്മൂടികളായ മൂന്നു പേര്‍ അതിക്രമിച്ചു കയറി താരത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇരുവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പാരീസ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കിം കര്‍ദാഷിയാനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിലപ്പെട്ട വസ്തുക്കള്‍ കവര്‍ന്ന സംഭവം നടന്ന് ഒരു മാസം പിന്നിടും മുമ്പാണ് സമാന രീതിയില്‍ മറ്റൊരു താരത്തിനു നേരെ പാരീസില്‍ ആക്രമണം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി 9.30 യോടെ ഫ്രഞ്ച് ബിസിനസ് പങ്കാളിയും കാമുകനുമായ സിറില്‍ ഓക്‌സന്‍ഫാന്‍സിനൊപ്പം മല്ലിക കെട്ടിടത്തിലേക്ക് വരുകയായിരുന്നു.
മുഖം പൂര്‍ണ്ണമായി മൂടിയ മൂന്ന് പേര്‍ പെട്ടെന്ന് രംഗത്തെത്തുകയും ഒരു വാക്ക് പോലും പറയാതെ ഇരുവരുടേയും മുഖത്തേക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ച ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു. അതിനു ശേഷം ആക്രമികള്‍ ഓടിപ്പോവുകയും ചെയ്തു. ഞെട്ടിപ്പോയ മല്ലികയും കാമുകനും പെട്ടെന്ന് തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.
മോഷണ ശ്രമമായാണ് പോലീസ് സംഭവത്തെ വിലയിരുത്തുന്നത്. അതേസമയം വീട്ടില്‍ നിന്നും വിലപ്പെട്ട വസ്തുക്കള്‍ ഒന്നുംതന്നെ നഷ്ടമായിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് മല്ലികയുടെ പങ്കാളി ഓക്‌സന്‍ഫാന്‍സ്. മല്ലികയും ഓക്‌സന്‍ഫാന്‍സും തമ്മില്‍ പ്രണയത്തിലായിട്ട് ഏറെ കാലമായി. ബോളിവുഡില്‍ 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച മല്ലിക ഇപ്പോള്‍ ഹോളിവുഡ് സിനിമകളിലും വിദേശ ടെലിവിഷന്‍ പരിപാടികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല