സ്വന്തം ലേഖകൻ: സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസിൽ വ്‌ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ളോഗറോട് ഹാജരാകാൻ പോലീസ് നിർദേശം നൽകി.
ഇയാൾ വിദേശത്തായതിനാൽ പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഇയാടെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. എത്രയും വേഗം സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഇയാൾ കേരളത്തിൽ എത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിമുഖവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സുഹൃത്ത് പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവമെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മല്ലു ട്രാവലർ ഷാക്കിര്‍ സുബ്ഹാനെതിരേ കേസെടുത്തത്. എന്നാൽ തനിക്കെതിരേ ഉയരുന്നത് കള്ളപ്പരാതിയാണെന്ന് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല